8-July-2024 -
By. news desk
കൊച്ചി: കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യൂണിഫോം കളര്‍കോഡ് സംവിധാനം നിലനിര്‍ത്തണമെന്ന് കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന് (സിസിഒഎ) പ്രസിഡന്റ് ബിനു ജോണ്‍, ജനറല്‍ സെക്രട്ടറി എസ് പ്രശാന്തന്, ട്രഷറര്‍ ഐ സി ഐവര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എ ജെ റിജാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യൂണിഫോം കളര്‍ കോഡ് സംവിധാനം മാറ്റി പഴയതുപോലെ ആക്കാനുളള നീക്കം നടക്കുന്നതായിട്ടാണ് വിവരം. ഇത്തരം നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സ്പെഷ്യല്‍ പെര്‍മിറ്റിന്റെ ഭാഗമായുള്ള സര്‍വ്വീസ് ടാക്സ് ഈടാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സ്വകീരിച്ചിരിക്കുന്ന അശാസ്ത്രീയമായ നടപടികള്‍ അവസാനിപ്പിക്കണം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വാഹന ഉടമകളുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടുന്ന പ്രവണത വാഹന ഉടമകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. അനാവശ്യമായി വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തി അനവസരങ്ങളില്‍ സേവനങ്ങള്‍ തടസപ്പെടുത്തി പീഢിപ്പിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വകീരിക്കുന്നത് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അസ്സോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.
വാഹനങ്ങളില്‍ ഫയര്‍ ആന്റ് സേഫ്റ്റി ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് ചുരുങ്ങിയത് ആറുമാസമെങ്കിലും സമയം അനുവദിക്കണം. നിലവില്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ വിപിണയില്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇതു മൂലം നിലവില്‍ ബാങ്കില്‍ നിന്നും ലോണെത്തും പലിശയ്ക്ക് പണം കടവാങ്ങിയും പുതിയ വാഹനങ്ങള്‍ വാങ്ങിയിരിക്കുന്ന വാഹനങ്ങള്‍ രജിസ്ട്രേഷനായി കാത്തു കെട്ടികിടക്കുകയാണ്.ഇത് സാധാരണക്കാരായ വാഹന ഉടകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണെന്നും അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സുകളില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് മോട്ടോര്‍ വാഹന മേഖല. നിര്‍ഭാഗ്യവശാല്‍ ഈ മേഖലയെ കൂടുതല്‍ ഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളം ജൂെൈല 9,10,11 തിയ്യതികളില്‍ എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്വെന്ഷന് സെന്ററില്‍ നടക്കും. നാളെ (ജൂലൈ 09 ചൊവ്വാഴ്ച) വൈകുന്നേരം നാലിന് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തും. 10 ന് രാവിലെ 10.30 ന് സുഹൃത് ട്രേഡ് യൂണിയന് സമ്മേളനം നടക്കും. ലോറന്‍സ് ബാബു( പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്, ടി ഗോപിനാഥന് (സെക്രട്ടറി, പ്രൈവറ്റ് ബസ് ഓര്ഗനൈസേഷന്), സെബാസ്റ്റ്യന്‍ കുറ്റിക്കാട്( ഐകെസിസിഒഎ) അനില്‍ (ടോക്ക്) തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 02.30 ന് ടൂറിസം രംഗത്തെ പുത്തന്‍ പ്രവണതകളും വ്യവസായത്തിന്റെ നിലനില്‍പ്പും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ആര് സി പ്രേം ഭാസ്, ഡിറ്റിപിസി സെക്രട്ടറി സതീഷ് മിറിന്റ തുടങ്ങിയവര്‍ പങ്കെടുക്കും.
3.30 ന് നടക്കുന്ന പൊതുസമ്മേളനം ഹൈബി ഈഡന് എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബിനു ജോണ്‍ അധ്യക്ഷത വഹിക്കും. ബിഒസി ഐ പ്രസിഡന്റ് പ്രസന്ന പട്ട് വര്ഥന്, സെന്‍ട്രല്‍ സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനൂപ് വര്‍ക്കി എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ബിഒസി ഐ ദേശീയ സമിതിയംഗം ബാബു പണിക്കല്‍ ഡോക്യുമെന്ററി പ്രകാശനം നിര്‍വ്വഹിക്കും. ടി ജെ വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഇടപെടലും നിയമ പോരാട്ടവും എന്ന വിഷയത്തില്‍ അഡ്വ. അനൂപ് പി എ സംസാരിക്കും. തുടര്‍ന്ന് വ്യവസായങ്ങളെ പരിചയപ്പെടുത്തല്‍, കലാപരിപാടികള്‍ എന്നിവ നടക്കും. 11 ന് പ്രതിനിധി സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.