Society Today
Breaking News

കൊച്ചി: നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട മേഖലകളിലുളള സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമെ നടപ്പില്‍ വരുത്താവുവെന്ന് ഹൈബി ഈഡന്‍ എം.പി. കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ (സിസിഒഎ) പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയമായ നിയമനിര്‍മ്മാണങ്ങളും നിയമങ്ങളും അടിച്ചേല്‍പ്പിക്കുമ്പോള്‍ ബന്ധപ്പെട്ട മേഖലയില്‍ ഉണ്ടാകുന്ന പ്രതിസന്ധി വലുതാണ്.എസി മുറികളില്‍ ഇരുന്ന് നിര്‍മ്മിക്കുന്ന നിയമങ്ങളുടെ പ്രായോഗികത എന്താണെന്ന് ബന്ധപ്പെട്ട മേഖലകളിലുള്ളവരുമായി ചര്‍ച്ച ചെയ്യുമ്പോഴാണ് വ്യക്തമാക്കപ്പെടുന്നത്. പ്രായോഗികതയാണ് ജനാധിപത്യത്തില്‍ നിയമം നിര്‍മ്മിക്കാനും സുഗമമായി നടപ്പിലാക്കാനും സാധിക്കുന്നതെന്നും  ഹൈബി ഈഡന്‍ എംപി പറഞ്ഞു.

സിസിഒഎ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍ അധ്യക്ഷത വഹിച്ചു. ബിഒസി ഐ പ്രസിഡന്റ് പ്രസന്ന പട്‌വര്‍ധന്‍ മുഖ്യപ്രഭാഷണം നടത്തി. ബിഒസി ഐ ദേശീയ സമിതിയംഗം ബാബു പണിക്കര്‍ ഡോക്യുമെന്ററി പ്രകാശനം നിര്‍വ്വഹിച്ചു. ബിഒസി ഐ ദേശീയ സമിതിയംഗം മനോജ് പടിക്കല്‍, സിസിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് പ്രശാന്തന്‍, സംസ്ഥാന സെക്രട്ടറി രാജു ഗരുഡ,എറണാകുളം ജില്ലാ പ്രസിഡന്റ് എ ജെ റിജാസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഇടപെടലും നിയമപോരാട്ടവും എന്ന വിഷയത്തില്‍ അഡ്വ.പി എ അനൂപ് സംസാരിച്ചു. ടൂറിസവുമായി ബന്ധപ്പെട്ട വിവിധ വ്യവസായസങ്ങളുടെ പരിചയപ്പെടുത്തലും ഉണ്ടായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃത് ട്രേഡ് യൂണിയന്‍  സമ്മേളനത്തില്‍  പ്രൈവറ്റ് ബസ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ടി ഗോപിനാഥന്‍, അനില്‍ (ടോക്ക്), ബാജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സിസിഒഎ വര്‍ക്കിംഗ് ചെയര്‍മാന്‍  എസ് അജയന്‍ അധ്യക്ഷത വഹിച്ചു. ഇന്ന് (ജൂലൈ 11) രാവിലെ 10 മുതല്‍ പ്രതിനിധി സമ്മേളനവും തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.


 

Top