Society Today
Breaking News

വയനാട്: ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും രക്ഷാപ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക്. മണ്ണിനും 
കെട്ടിടാവശിഷ്ടങ്ങള്‍ക്കുമിടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിന് മനുഷ്യാധ്വാനവും യന്ത്രോപകരണങ്ങളും അത്യാധുനിക സെന്‍സറുകളും വിന്യസിച്ചു കൊണ്ടുള്ള തിരച്ചിലാണ് മുന്നേറുന്നത്. അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നീ മേഖലകളില്‍ നിന്നും വെള്ളിയാഴ്ച്ച വൈകിട്ട് വരെ 11 മൃതദേഹങ്ങള്‍ കണ്ടെത്തി. സേനാ വിഭാഗങ്ങളും പൊലീസും ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗവും നേതൃത്വം നല്‍കുന്ന തിരച്ചിലില്‍ ഈ രംഗത്ത് പ്രാവീണ്യമുള്ള സ്വകാര്യ കമ്പനികളും സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും മേല്‍നോട്ടത്തിലാണ് മേഖലയിലെ രക്ഷാപ്രവര്‍ത്തനം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരം ദുരന്തമേഖലയെ ആറ് സെക്ടറുകളാക്കി വിഭജിച്ചാണ് വെള്ളിയാഴ്ച്ച രാവിലെ തിരച്ചില്‍ പുനരാരംഭിച്ചത്.

ഇന്ത്യന്‍ സേനയുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ് എന്നിവയില്‍ നിന്നായി 640 പേരാണ് തിരച്ചിലില്‍ പങ്കെടുത്തത്. ദേശീയ ദുരന്ത നിവാരണ സേന (120 അംഗങ്ങള്‍), വനം വകുപ്പ് (56), സിവില്‍ ഡിഫന്‍സ് വിഭാഗം അടക്കം സംസ്ഥാന ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് (460), പോലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (64), തമിഴ്‌നാട് ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗം (44), ദേശീയ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെല്‍റ്റ സ്‌ക്വാഡ് (15), പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (15) എന്നിവരെയും വിവിധ സെക്ടറുകളിലായി വിന്യസിച്ചു. കേരള പോലീസിന്റെ കെ.9 സ്‌ക്വാഡില്‍ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്‌ക്വാഡില്‍ പെട്ട മൂന്നു നായകളും ദൗത്യത്തിന്റെ ഭാഗമാണ്.

വൈദ്യസേവനം നല്‍കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിനും ആര്‍മി മെഡിക്കല്‍ സര്‍വീസസിനും പുറമെ തമിഴ് നാട് സര്‍ക്കാര്‍ നിയോഗിച്ച ഏഴംഗ സംഘവും സ്ഥലത്തുണ്ട്.  68 മണ്ണുമാന്തി യന്ത്രങ്ങളാണ് അവശിഷ്ടങ്ങള്‍ നീക്കുന്നതിനായി ദുരന്ത മേഖലയിലുള്ളത്. രണ്ട് ഹെലിക്കോപ്റ്ററുകളും എട്ട് ഡ്രോണുകളും ആകാശനിരീക്ഷണം നടത്തുന്നു. ക്രെയിനുകള്‍, കോണ്‍ക്രീറ്റ് കട്ടറുകള്‍, വുഡ് കട്ടറുകള്‍ എന്നിവയും ഉപയോഗിക്കുന്നു. ഇന്ധനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിനായി ടാങ്കറുകള്‍, ആംബുലന്‍സുകള്‍ എന്നിവയും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്ക് അടിയില്‍ ജീവന്റെ തുടിപ്പറിയാന്‍ സഹായിക്കുന്ന ഹ്യൂമന്‍ റെസ്‌ക്യു റഡാറും സേനകള്‍ ഉപയോഗിക്കുന്നുണ്ട്. തെര്‍മല്‍ ഇമേജിംഗ്, റഡാര്‍ സാങ്കേതിക വിദ്യകളുടെ സമന്വയമായ ഈ ഉപകരണത്തിന് 16 അടി താഴ്ച്ചയില്‍ വരെ സിഗ്‌നലുകള്‍ കണ്ടെത്താനാകും. 40 സെ.മീ കനമുള്ള കോണ്‍ക്രീറ്റ് പാളികളിലൂടെ പോലും റഡാര്‍ സിഗ്‌നലുകള്‍ കടന്നു പോകും. കൃത്യമായി സ്ഥാനനിര്‍ണയം നടത്തുമെന്നതിനാല്‍ തിരച്ചില്‍ കേന്ദ്രീകൃതമാക്കാനും റഡാര്‍ സഹായകമാണ്. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഡ്രോണ്‍ അടിസ്ഥാനപ്പെടുത്തിയുള്ള റഡാറും ഉടനെ വിന്യസിക്കും. ചാലിയാറും കൈവഴിയും കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ പോലീസിന്റെയും നീന്തല്‍ വിദഗ്ധരുടെയും നേതൃത്വത്തില്‍ മുന്നേറുന്നു.


 

Top