6-August-2024 -
By. news desk
കൊച്ചി: ഐംഎംഎ കൊച്ചിയുടെ നേതൃത്വത്തില്‍ നടത്തുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത പാലിയേറ്റീവ് കെയര്‍ സംവിധാനം ' അരികെ ' ആറാം വര്‍ഷത്തിലേക്ക്. അഞ്ചു വര്‍ഷം അരികെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും പ്രവര്‍ത്തകരുടെയും അഭ്യുദയകാംഷികളുടെയും ഒത്തുചേരലും ആഗസ്റ്റ് 07 ന് വൈകിട്ട് ഏഴിന് കലൂര്‍ ഐഎംഎ ഹൗസില്‍ നടക്കുമെന്ന് ഐഎംഎ കൊച്ചി മുന്‍ പ്രസിഡന്റും ഐഎംഎ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനറുമായ ഡോ. എം ഐ ജുനൈദ് റഹ്മാന്, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ.എം എം ഹനീഷ്, ഐഎംഎ കൊച്ചി വൈസ് പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഐഎംഎ കൊച്ചി സെക്രട്ടറിയും അരികെയുടെ മുഖ്യചുമതലക്കാരനുമായ ഡോ.ജോര്‍ജ്ജ് തുകലന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ രീതിയിലുള്ള ഒത്തുചേരലാണ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം ഒട്ടേറെപ്പേര്‍ക്ക് സാന്ത്വനമാകാന്‍ അരികെയ്ക്ക് സാധിച്ചു.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സാമൂഹിക അടിസ്ഥാനത്തില്‍ പരിചരണം നല്‍കാനും അവരുടെ അന്തസ് വീണ്ടെടുത്ത് ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് അരിക സംവിധാനം ആരംഭിച്ചതെന്ന് ഇവര്‍ പറഞ്ഞു. നിലവില്‍ 2540 ലധികം കുടുംബങ്ങള്‍ അരികെയുടെ സംരക്ഷണത്തിന് കീഴിലുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
വീടുകളിലെ ചികില്‍സ കൂടുതല്‍ മെച്ചപ്പെടണമെന്നുണ്ടെങ്കില് ഡോക്ടര്‍മാരുടെ കൂടുതല്‍ ഇടപെടലും ഉപദേശങ്ങളും അനിവാര്യമാണ് ഇത്തരത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുകയെന്നതാണ് അരികെ പ്രധാനമായും ഭാവിയില്‍ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ കൊച്ചിന് കോര്‍പ്പറേഷനിലെ മിക്കയിടങ്ങളിലും അരികെയുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നുണ്ട്. ഇതേ രീതിയില്‍ ഭാവിയില്‍ കോര്‍പ്പറേഷന്റെ മുഴുവന്‍ മേഖലകളിലും മറ്റിടങ്ങളിലും അരികെയുടെ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടപടികളുമാണ് ഉദ്ദേശിക്കുന്നത്. സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെയും അരികെയുടെ മാതൃകയില്‍ ഉയര്‍ത്താനുള്ള പിന്തുണയും നല്‍കും.
നേഴ്സുമാര്‍,ഡോക്ടര്‍മാര്‍ എന്നിവരുടെ 24 മണൂക്കൂര് ഹോം കെയര്‍ പരിചരണം, ഫിസിയോ തെറാപ്പിസ്റ്റുകളുടെ സേവനം, ഹോംകെയര്‍ സേവനം നല്കുന്ന വിവിധ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 24 മണിക്കൂര്‍ ടെലി മെഡിസിന് പിന്തുണ, ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കും കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ക്കും അത്യാധുനിക പരിശീലന പരിപാടികള്‍, മുഴുവന്‍ സിബിഒകളെയും എന്‍ജിഒകളെയും പൊതുസ്വകാര്യസ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഔട്ട് റീച്ച് പ്രോഗ്രാമുകള്‍ എന്നിവ നടപ്പിലാക്കാനും അരികെ ലക്ഷ്യമിടുന്നു.
നിലവിലെ ചികില്‍സാ ചിലവ് താങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായമായി മാറേണ്ടത് അനിവാര്യമാണ്. ഇതിനുള്ള ബദല്‍മാര്‍ഗ്ഗം കൂടിയാണ് അരികെ എന്ന സംവിധാനം. വാര്‍ധക്യം മൂലവും മറ്റും വീട്ടില്‍ കിടപ്പുരോഗികളായിട്ടുള്ളവരെ ഏതു ഘട്ടത്തിലും ചികില്‍സിയ്ക്കാന്‍ ആ വിട്ടീലുള്ളവരെ തന്നെ പ്രാപ്തരാക്കി മാറ്റുകയാണ് അരികെ വഴി ചെയ്യുന്നത്.നിരവധി കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കിയാണ് അരികെ പ്രവര്‍ത്തിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.