Society Today
Breaking News

കൊച്ചി:  ആട്ടവും പാട്ടും ഓണസദ്യയും പിന്നെ ഐ.എസ്.എല്‍ ഫുട്‌ബോള്‍ മല്‍സരവും ആസ്വദിച്ച് വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരായ  മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ വിദ്യാര്‍ഥികള്‍. കേരളത്തെ കണ്ണീര്‍ക്കയത്തിലാക്കിയ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഒരുമിച്ചോണം കൂടെയുണ്ട് എം.ഇ.എസ്എന്ന പേരില്‍ മുസ്‌ലിം എഡ്യുക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) യുടെ നേതൃത്വത്തില്‍ ഫ്യൂച്ചറേസ് ഹോസ്പിറ്റല്‍, പബ്ലിക്ക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിആര്‍സി ഐ) കൊച്ചിന്‍ ചാപ്റ്റര്‍, കേരള ബ്ലാസ്‌റ്റേഴ്‌സ്, ലുലു എന്നിവരുടെ പിന്തുണയോടെ അതിജീവനത്തിന്റെയും കരുതലിന്റെയും പുതിയ പാഠം  പകര്‍ന്നു നല്‍കിക്കൊണ്ട് എറണാകുളത്ത് ഓണാഘോഷം സംഘടിപ്പിച്ചത്.

ഉത്രാട ദിനത്തില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് എം.ഇ.എസ് ഭാരവാഹികളുടെ നേതൃത്വത്തില്‍ 33 കുട്ടികളും അവരുടെ  കുടുംബാഗങ്ങളും വാഹനത്തില്‍ വയനാടില്‍ നിന്നും യാത്ര തിരിച്ചത്. കോഴിക്കോട് എത്തിയ കുട്ടികള്‍ക്ക് എം.ഇ.എസ് സംസ്ഥാന ആസ്ഥാനത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസര്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഓണക്കോടിയും കൈനീട്ടവും നല്‍കി. തുടര്‍ന്ന് എം.ഇ.എസ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ കൂട്ടികളുമായി മിഠായി തെരുവിലും സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് കൊച്ചിയിലേക്ക് തിരിച്ചത്. തിരുവോണദിനത്തില്‍ പുലര്‍ച്ചെ കൊച്ചിയിലെത്തിയ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാറമ്പിള്ളി എം.ഇ.എസ് കോളേജിലായിരുന്നു പ്രഭാത ഭക്ഷണം ഒരുക്കിയിരുന്നത്. തുടര്‍ന്ന് ആലുവ മെട്രോസ്റ്റേഷനിലെത്തിയ കുട്ടികളെ സ്വീകരിച്ച് മെട്രോയില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചു. ഇവിടെ വൈകുന്നേരത്തെ മല്‍സരത്തിനായി താരങ്ങളെ സ്റ്റേഡിയത്തിലേക്ക് കൈപിടിച്ച് ആനയിക്കുന്നതിന്റെ ആദ്യ ഘട്ട റിഹേഴ്‌സല്‍ നടത്തി. തുടര്‍ന്ന് കുട്ടികളെ ഐഎംഎ ഹൗസില്‍ എത്തിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ഓഫീഷ്യല്‍സ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തുകൊണ്ട് ഇവിടെയായിരുന്നു ഇവര്‍ക്കായി ഓണാഘോഷവും കലാപരിപാടികളും ഓണസദ്യയുമെല്ലാം ഒരുക്കിയിരുന്നത്.

എം.ഇ.എസ് സംസ്ഥാന സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീന്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ആര്‍.കെ ഷാഫി അധ്യക്ഷത വഹിച്ചു. എം ഇ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സക്കീര്‍ ഹുസൈന്‍ മുഖ്യ പ്രഭാഷണം നടത്തി. കേരള ബ്ലാസ്റ്റേഴ്‌സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ സുഷേന്‍ വസിഷ്ഠ്, കേരള ബ്ലാസ്‌റ്റേഴ്‌സ് ചീഫ് റവന്യു ഓഫിസറും പിച്ച് മാനേജറുമായ ജോബി ജോസഫ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ ആന്റണി മനു എന്നിവര്‍ മുഖ്യഅതിഥികളായിരുന്നു.  നടനും സംവിധായകനുമായ ശ്രീകാന്ത് മുരളി, പിന്നണി ഗായിക സംഗീത ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കലാപരിപാടികള്‍ നടത്തി. എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എച്ച് മുഹമ്മദ് നിസാര്‍ സ്വാഗതം  ആശംസിച്ചു.എം.ഇ.എസ് നേതാക്കളായ എം എം അഷ്‌റഫ്, ലിയാഖത്ത് അലിഖാന്‍ , ഇ.എം നിസാര്‍, എച്ച്.എസ് അബ്ദുള്‍ ഷെരീഫ്, എം. ഐ അബ്ദുള്‍ ഷെരീഫ്, ഷിബു അലിയാര്‍, എം.അഫ്‌സല്‍, ഡോ മുഹമ്മദ് റിയാസ്,  ടി.പി അമീര്‍, അഡ്വ മുഹമ്മദ് ഷഫീക്, ഷാഫി പുല്‍പ്പാറ, ഡോ. അന്‍വര്‍ ഹസൈന്‍, അമീര്‍ അലി, സംസ്ഥാന  ട്രഷറര്‍ ശഹിം ശാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദുരന്തത്തിന്റെ കണ്ണീരോര്‍മകള്‍ എല്ലാം മറന്ന് കരുത്തോടെ മുന്നോറുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ എല്ലാം മറന്ന് പാട്ടും നൃത്തവുമായി കുട്ടികള്‍ പങ്കു ചേര്‍ന്നതോടെ അതീജീവനത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമാകുകയായിരുന്നു. ഓണസദ്യയ്ക്ക് ശേഷം കുട്ടികളെ വീണ്ടും സ്‌റ്റേഡിയത്തിലെത്തിച്ച് ട്രയല്‍ നടത്തി.  വൈകിട്ട് നടന്ന ഐ.എസ്.എല്‍ മല്‍സരത്തിനു ശേഷം ലൂലുവില്‍ ഒരുക്കിയിരുന്ന അത്താഴ വിരുന്നിലും ഗെയിം സോണിലും ആഹ്ലാദത്തോടെ പങ്കെടുത്ത കുട്ടികള്‍ക്ക്  കൈനിറയെ സമ്മാനങ്ങള്‍ കൂടി നല്‍കിയാണ് എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി  അവരെ യാത്രയാക്കിയത്.


 

Top