2-October-2024 -
By. health desk
കൊച്ചി: ഇന്ത്യയില്‍ വര്‍ഷം തോറും രണ്ടു ലക്ഷം സ്ത്രീകള്‍ സ്തനാര്‍ബുദ രോഗബാധിതരാകുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ഒരോ വര്‍ഷവും ഒരു ലക്ഷം സ്ത്രീകള്‍ സ്തനാര്‍ബുദ രോഗം ബാധിച്ചു മരിക്കുന്നുണ്ടെന്നും ക്യാന്‍സര്‍ രോഗ വിദഗ്ദന് ഡോ. വി.പി ഗംഗാധരന് പറഞ്ഞു. സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി കൊച്ചിന് കാന്‍സര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ' പിങ്ക് സെഞ്ചുറി ' നൂറുദിന സ്തനാര്‍ബുദ സൗജന്യ പരിശോധനയുടെ ഉദ്ഘാടനം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പിങ്ക് ബലൂണ്‍ പറത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്തനാര്‍ബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരികയാണ്. ഈ വര്‍ഷം മൂന്നു ലക്ഷം പേരെങ്കിലും രോഗബാധിതരാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.മൂന്നാമത്തെയോ നാലമത്തെയോ ഘട്ടത്തിലാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്. ഇതാണ് മരണകാരണമാകുന്നത്. പ്രാരംഭ ഘട്ടത്തില്‍ രോഗം കണ്ടെത്തിയാല്‍ നൂറു ശതമാനവും ചികില്‍സിച്ചു ഭേദമാക്കാന്‍ സാധിക്കുന്നതാണ് സ്തനാര്‍ബുദം. 40 വയസ് പിന്നിടുന്ന സ്തീകള്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും നിര്‍ബന്ധമായും പരിശോധന നടത്തണമെന്നും ഡോ. വി.പി ഗംഗാധരന് പറഞ്ഞു.
ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടര്‍മാരായ ഇക്ബാല്‍ വലിയവീട്ടില്‍, പി.വി അഷ്റഫ്, ഇന്ദിരഭായി പ്രസാദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.സച്ചിദാനന്ദ കമ്മത്ത്, ഇന്ദിരാഗാന്ധി നേഴ്സിങ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.പ്രൊഫ. ജിന്‍സി ജോണ്‍, നേഴ്സിങ് സൂപ്രണ്ട് ലീലാമ്മ ഫിലിപ്പ്, ഡോ. മരിയ തുടങ്ങിയവര്‍ സംസാരിച്ചു.നേഴ്സിംഗ് വിദ്യാര്‍ഥികള്‍ ഫഌഷ് മോബും നടത്തി.