5-October-2024 -
By. news desk
കൊച്ചി: കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍(സിഒഎ) ദക്ഷിണ മേഖല എക്‌സലന്‍സി ഇന്‍ ആര്‍ക്കിടെക്ചര്‍ തീസീസ് അവാര്‍ഡ് പ്രഖ്യാപനവും ആര്‍ക്കിടെക്ചര്‍ തീസീസ് എക്‌സിബിഷനും ഈ മാസം എട്ടു മുതല്‍ 10 വരെ എറണാകുളം, വൈറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി)ല്‍ നടക്കുമെന്ന് ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി.ആര്‍ അജിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ ആദ്യമായിട്ടാണ് എക്‌സലന്‍സി ഇന്‍ ആര്‍ക്കിടെക്ചര്‍ തീസീസ് അവാര്‍ഡ് പ്രഖ്യാപനത്തിനും വിതരണത്തിനും എക്‌സിബിഷനും വേദിയാകുന്നത്. 'എക്‌സലന്‍സ് ഇന്‍ ആര്‍ക്കിടെക്ചറല്‍ തീസീസ്,മികച്ച ആര്‍ക്കിടെക്ചറല്‍ വിദ്യാര്‍ഥി ഡോക്കുമെന്റേഷന്‍ ഓഫ് ആര്‍ക്കിടെക്ചറല്‍ ഹെറിറ്റേജ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത് ദക്ഷിണേന്ത്യയിലെ നൂറിലധികം കോളജുകള്‍ തങ്ങളുടെ വിദ്യാര്‍ഥികളുടെ സൃഷ്ടികളുമായി മല്‍സരത്തില്‍ പങ്കെടുക്കും. ആര്‍ക്കിടെക്ചറല്‍ വിദ്യാര്‍ഥികളുടെ കഴിവുകള്‍ ദേശീയ തലത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച വേദിയും ഒപ്പം വിദ്യാര്‍ത്ഥികളുടെ സൃഷ്ടിപരതയും വാസ്തു ശില്‍പ്പ നൈപുണ്യവും പ്രകടിപ്പിക്കുന്നതിനും സമൂഹത്തിലെ പ്രധാന ആര്‍ക്കിടെക്ചറല്‍ വെല്ലുവിളികളെ അഭിമുഖീകരിക്കാനുമുള്ള വേദികൂടിയാണിത്.
പ്രായോഗിക രീതി, സുസ്ഥിരത, സൗന്ദര്യ ശാസ്ത്രം, എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള പദ്ധതികള്‍ രൂപകല്‍പന ചെയ്യുക എന്നതാണ് മല്‍സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രൊഫ. ബി.ആര്‍ അജിത് പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ വാസ്തുശില്‍പ്പ പൈതൃകത്തെ രേഖപ്പെടുത്തുക എന്നതാണ് ഡോക്യൂമെന്റേഷന്‍ ഓഫ് ആര്‍ക്കിടെക്ചറല്‍ ഹെറിറ്റേജ് അവാര്‍ഡിലൂടെ ലക്ഷ്യം വെയ്ക്കന്നത്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ പ്രഗത്ഭരായ മറ്റ് വിദ്യാര്‍ത്ഥികളുമായി സംവദിക്കാനുള്ള അവസരം കൂടിയാണ് സമ്മേളനം. വിദ്യാര്‍ഥികളും വാസ്തു വിദഗ്ദ്ധരും തമ്മില്‍ സംവാദത്തിനുള്ള ഒരവസരവും ഉണ്ടാകും. വിദഗ്ദരായ ആര്‍ക്കിടെക്ടുകള്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
എട്ട്,പത്ത് തിയതികളില്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ആര്‍ക്കിടെക്ചര്‍ തീസീസ് പ്രദര്‍ശനം കാണാന്‍ അവസരം ഉണ്ട്. രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രദര്‍ശനം. ഒക്ടോബര്‍ എട്ടിന് രാവിലെ 09.30 ന് മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി.ആര്‍ അജിത് അധ്യക്ഷത വഹിക്കും. പത്തിന് വൈകുന്നേരം ആറിന് നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ആസാദി സി.ഇ.ഒ അമ്മു അജിത്,എച്ച്.ഒ.ഡി ശ്രീപാര്‍വ്വതി ഉണ്ണി,ഫാക്കല്‍റ്റികളായ ഷിബിലി അലി, സുസ്മിത പൈ, ആസാദി അഡ്മിന്‍ ഡയറക്ടര്‍ ടി.പ്രബോഷ്, മധുസൂദന്‍ മേനോന്‍ (കണ്‍സള്‍ട്ടന്‍സി ഡിവിഷന്‍) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.