Society Today
Breaking News

കൊച്ചി : കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍  എക്‌സിബിഷന് എറണാകുളം, വെറ്റില സില്‍വര്‍ സാന്റ് ഐലന്റിലെ  ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി) ല്‍ തുടക്കമായി. കെ.എം.ആര്‍.എല്‍ എംഡിയും മുന്‍ ഡിജിപിയുമായ ലോക്‌നാഥ് ബഹ്‌റ ഐപിഎസ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ക്കിടെക്റ്റ് ഒരേ സമയം ആര്‍ക്കിടെക്റ്റും എന്‍ജിനീയറുമാണെന്നും കേരളത്തിലെ കെട്ടിടങ്ങളുടെ രൂപകല്‍പ്പന മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്നും ലോക്‌നാഥ് ബഹ്‌റ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ പോലും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വീടു നിര്‍മ്മിക്കാന്‍ ആര്‍ക്കിടെക്റ്റിന്റെ സേവനം തേടുന്നത് ഒരു ആര്‍ക്കിടെക്റ്റിന്റെ പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്. എ.ഐ പോലെ എത്രവലിയ സാങ്കേതിക വിദ്യകള്‍ ഉണ്ടായാലും മനുഷ്യന്റെ ക്രിയേറ്റിവിറ്റിയെ തോല്‍പ്പിക്കാന്‍ കഴിയില്ല. സാങ്കേതിക വിദ്യകള്‍ നല്ലതാണ് പക്ഷേ മനുഷ്യന്റെ ചിന്താശേഷിയും സര്‍ഗ്ഗാത്മകതയും അതിനേക്കാള്‍ അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് പ്രൊഫ. ബി. ആര്‍ അജിത് അധ്യക്ഷത വഹിച്ചു. ആസാദി സി.ഇ.ഒ അമ്മു അജിത്, പ്രിന്‍സിപ്പാള്‍ ഡോ.ബാബു രാജേശ്വരന്‍, ആര്‍ക്കിടെക്റ്റ് കേശവ് ഗംഗാധര്‍, എച്ച്.ഒ.ഡി ശ്രീപാര്‍വ്വതി ഉണ്ണി, ഫാക്കല്‍റ്റി സുസ്മിത പൈ തുടങ്ങിയവര്‍ സംസാരിച്ചു.

ദക്ഷിണേന്ത്യയിലെ നൂറിലധികം കോളജുകള്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നുണ്ട്. 'എക്‌സലന്‍സ് ഇന്‍ ആര്‍ക്കിടെക്ചറല്‍ തീസീസ്, മികച്ച ആര്‍ക്കിടെക്ചറല്‍ വിദ്യാര്‍ഥി, ഡോക്യുമെന്റേഷന്‍ ഓഫ് ആര്‍ക്കിടെക്ചറല്‍ ഹെറിറ്റേജ്  എന്നീ വിഭാഗങ്ങളില്‍ ജേതാക്കളാകുന്നവര്‍ക്ക് വ്യാഴാഴ്ച (ഒക്ടോബര്‍ 10) വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍  സമ്മാനിക്കും. വിദഗ്ദരായ ആര്‍ക്കിടെക്ടുകള്‍ അടങ്ങുന്ന ജൂറിയാണ് എക്‌സിബിഷനിനില്‍ നിന്നും അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും  വ്യാഴാഴ്ച (ഒക്ടോബര്‍ 10) ആര്‍ക്കിടെക്ചര്‍ തീസീസ് പ്രദര്‍ശനം കാണാന്‍ അവസരം ഉണ്ട്. രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രദര്‍ശനം.

Top