Society Today
Breaking News

കൊച്ചി: അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയി)യും കേരള ടൂറിസവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനത്തിന് (ഐസിടിടി 2023) നാളെ കൊച്ചിയില്‍ തുടക്കമാകും.  ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന ടൂറിസംപൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.സാമൂഹ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ പരസ്യങ്ങള്‍, എന്നിവയില്‍ കൂടി വരുമാനവര്‍ധനവ് ഉണ്ടാക്കുന്നതിനെക്കുറിച്ചാകും രാജ്യത്തെ വിദഗ്ധര്‍ സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

അറ്റോയി പ്രസിഡന്റ് വിനോദ് സി എസ് അധ്യക്ഷനാകുന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ഐസിടിടി കണ്‍വീനര്‍ അനീഷ്‌കുമാര്‍ പി കെ, അറ്റോയി സെക്രട്ടറി മനു പി വി എന്നിവര്‍ പങ്കെടുക്കും.കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഐസിടിടി 2023 നടക്കുന്നത്. വിജ്ഞാനവും ആശയങ്ങളും പങ്ക് വയ്ക്കല്‍, ടൂറിസം സാങ്കേതിക മേഖലയിലെ പുത്തന്‍ വികസനങ്ങള്‍ ചര്‍ച്ച ചെയ്യല്‍ മുതലായവയാണ് ഈ സമ്മേളനത്തില്‍ നടക്കുന്നത്. ടൂറിസം രംഗത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ ചട്ടങ്ങള്‍, മാനദണ്ഡങ്ങള്‍, മികച്ച മാതൃകകള്‍ എന്നിവയും സമ്മേളനത്തില്‍ ചര്‍ച്ചയാകും.പ്ലാന്‍, ബുക്കിംഗ്, അനുവവേദ്യ യാത്രകള്‍ എന്നിങ്ങനെ ടൂറിസം രംഗത്ത് സാങ്കേതികവിദ്യയ്ക്ക് അതീവ പ്രാധാന്യം കൈവന്നിരിക്കുന്ന ഇക്കാലത്ത് ഐസിടിടി 2023 പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു.

പുതിയ പങ്കാളിത്തവും സഹകരണവും വര്‍ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യയെക്കുറിച്ച് മനസിലാക്കാനുള്ള അവസരമായും ഇതിനെ കാണാം.ഇക്കുറി അഞ്ച് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷയങ്ങളാണ് ഐസിടിടി 2023 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം റീലുകള്‍ വൈറലാകുന്നതിനുള്ള നുറുങ്ങുകള്‍, ഫലപ്രദമായ എസ് ഇ ഒ വഴി എങ്ങിനെ ഓണ്‍ലൈന്‍ പ്രാതിനിധ്യം കൂട്ടാം, എങ്ങിനെ ഫലപ്രദമായ ഓണ്‍ലൈന്‍ പരസ്യം നിര്‍മ്മിക്കാം, കഥകള്‍ പറയുന്നതിന്റെ പ്രാധാന്യം എന്നിവയാണ് ഉള്‍ക്കാഴ്ച നല്‍കുന്ന വിഷയങ്ങള്‍.സൗരവ് ജെയിന്‍, ദീപ്തി പാര്‍മര്‍, ഡോ. സീമ ഗുപ്ത, സച്ചിന്‍ ബന്‍സാല്‍, ഇവാന പെറോവിച്ച് എന്നിവരാണ് പ്രഭാഷകര്‍.ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം എന്നിവയെ ബിസിനസ് പ്രമേയത്തിലുള്‍പ്പെടുത്തിയ രാജ്യത്തെ ആദ്യ വാണിജ്യ സംഘടനയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള അറ്റോയി. 2013 ല്‍ ആരംഭിച്ച ഐസിടിടി, 2017, 2019 എന്നീ വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് നടന്നത്.

Top