24-February-2023 -
By. sports desk
കൊച്ചി: എ23 പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിലെ ആവേശകരമായ പോരാട്ടത്തില്‍ കാലിക്കറ്റ് ഹീറോസ് ചെന്നൈ ബ്ലിറ്റ്‌സിനെ കീഴടക്കി. തോല്‍വിയോടെ ചെന്നൈ ബ്ലിറ്റ്‌സ് പുറത്തായി. കൊച്ചി റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന കളിയില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു കാലിക്കറ്റിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 13-15, 15-8, 15-14, 15-13, 8-15. കളംനിറഞ്ഞുകളിച്ച കാലിക്കറ്റ് ഹീറോസിന്റെ ജെറോം വിനിതാണ് കളിയിലെ താരം. പിഴവുകളിലൂടെയായിരുന്നു മത്സരത്തിന്റെ തുടക്കം. കാലിക്കറ്റിന്റെ കൃത്യമായ പ്രതിരോധത്തെ മറികടന്ന് ചെന്നൈ ആദ്യ ഗെയിം സ്വന്തമാക്കി. നവീന്‍രാജ ജേക്കബും തുഷാര്‍ ലവാരെയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ചെന്നൈ നിരയില്‍ തിളങ്ങി. അഖിന്റെ അതിമനോഹര സ്‌പൈക്കില്‍ ചെന്നൈ സെറ്റ് പിടിച്ചു. ആദ്യ സെറ്റ് 15-13ന് അവര്‍ നേടി.
രണ്ടാം ഗെയിമില്‍ കാലിക്കറ്റ് ഉഗ്രരൂപം പൂണ്ടു. ജോസ് അന്റോണിയോ സാന്‍ഡോവലും അബില്‍ കൃഷ്ണന്‍ എം പിയും ചേര്‍ന്ന് ചെന്നൈയുടെ നീക്കങ്ങളെ നിര്‍വീര്യമാക്കി. രണ്ടാം ഗെയിം 15-8നാണ് കാലിക്കറ്റ് സ്വന്തമാക്കിയത്. ജോബിന്‍ വര്‍ഗീസും ബാക്ക് നിരയും തമ്മിലുള്ള ഒത്തിണക്കം നഷ്ടമായതാണ് ചെന്നൈക്ക് തിരിച്ചടിയായത്. മൂന്നാം സെറ്റ് ഒപ്പത്തിനൊപ്പമായിരുന്നുമുന്നേറ്റമെങ്കിിലും ആവേശപ്പോരിനൊടുവില്‍ കാലിക്കറ്റ് നേടി.നാലാം സെറ്റും കാലിക്കറ്റ് 15-13ന് വിജയം വരിച്ചതോടെ ചെന്നൈ മടങ്ങി. മൂന്നാംപാദത്തില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരില്‍ ഇന്ന് കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. കേരളത്തിലെ രണ്ട് ടീമുകള്‍ മുഖാമുഖം വരുന്ന പോരിന് കാണികള്‍ക്കൊപ്പം കളിക്കാരും ആവേശത്തിലാണ്. കാലിക്കറ്റ് അഞ്ച് കളിയില്‍ നാലും ജയിച്ചപ്പോള്‍ കൊച്ചിക്ക് നാല് കളിയിലും ജയംനേടാനായിട്ടില്ല. കൊച്ചി റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ രാത്രി ഏഴ് മണിക്കാണ് മല്‍സരം