3-March-2023 -
By. news desk
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം ഉണ്ടായതിനെക്കുറിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കുറച്ചുദിവസം തീ പുകഞ്ഞുകൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും കോര്‍പറേഷന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ രണ്ടു ഫയര്‍ യൂണിറ്റുകളാണ് പുകഞ്ഞുകൊണ്ടിരിക്കുന്ന തീ അണയ്ക്കുന്നതിന് രംഗത്തുള്ളത്. ഫയര്‍ യുണിറ്റുകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും കോര്‍പറേഷന്‍ നല്‍കും.
വ്യാഴാഴ്ച്ച വൈകിട്ടാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായത്.മേയറുടെ അഭ്യര്‍ത്ഥന പ്രകാരം ബ്രഹ്മപുരത്ത് ഇന്‍ഡ്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തി. ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടറും മേയറും തമ്മില്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മേയര്‍ ഇന്‍ഡ്യന്‍ നേവിയുടെ സതേണ്‍ നേവല്‍ കമാന്റ് ഫഌഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ ഹംപിഹോളിയുമായി ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. സതേണ്‍ നേവല്‍ കമാന്‍ഡില്‍ നിന്നുളള ഹെലികോപ്റ്റര്‍ ബ്രഹ്മപുരത്ത് രംഗ നിരീക്ഷണം നടത്തി ആവശ്യമായ ഫോട്ടോഗ്രാഫുകളും സ്ഥിതിവിവരവും ശേഖരിച്ച് നേവല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അറിയിച്ചു. നേവിയുടെ റോഡ് മാര്‍ഗ്ഗമുളള ഒരു സ്‌ക്വാഡും പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.ഇന്ന് പുലര്‍ച്ചയോടെ തന്നെ തീ അണയ്ക്കുവാനാകും എന്ന ആത്മവിശ്വാസത്തിലാണ് ഫയല്‍ ഫോഴ്‌സ്. എങ്കിലും ആവശ്യമായി വന്നാല്‍ ഫയര്‍ ഫോഴ്‌സിനെ സഹായിക്കുവാന്‍ നേവിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറോടും മേയര്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.ആവശ്യമെങ്കില്‍ എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങും.