28-March-2023 -
By. news desk
കൊച്ചി: ഫ് ളാറ്റുകളിലും വീടുകളിലും ബോറടിച്ചിരുന്ന് ഈ വേനലവധിക്കാലം കുട്ടികള്‍ തള്ളി നീക്കേണ്ട. കൊച്ചി മെട്രോ കുട്ടികള്‍ക്കായി സമ്മര്‍ ക്യാംപ്' ഡിസ്കവര് 2023' സംഘടിപ്പിക്കുന്നു. ഒരു മാസം നീണ്ട് നില്ക്കുന്ന സമ്മര്‍ ക്യാംപ് ഏപ്രില്‍ 10ന് ആരംഭിക്കും. പാട്ട്, നൃത്തം, ചിത്രരചന, റോബോട്ടിക്സ്, കോഡിംഗ്, യോഗ, കളരി തുടങ്ങി കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ഊന്നല്‍ നല്കി വിവിധ മേഖലകളില്‍ പരിശീലനം നല്‍കും. മെട്രോയുടെ പ്രവര്‍ത്തനം മനസ്സിലാക്കുന്നതിനായുള്ള അവസരവും ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. പൊതുഗതാഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനായുള്ള സെഷനുകളും ക്യാംപിലുണ്ട്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രഗത്ഭ വ്യക്തികളുമായി സംസാരിക്കുന്നതിനും കൊച്ചി മെട്രോ ഡിസ്കവര് 2023 അവസരമൊരുക്കും. രാവിലെ 10 മുതല്‍ ഉച്ച്ക്ക് 12 വരെയാണ് ക്യാംപ്. ഒരു മാസത്തെ ക്യാംപിനുള്ള ഫീസ് അഞ്ഞൂറ് രൂപ മാത്രമാണ്. കൊച്ചി മെട്രോ സിന്റോ റോബോട്ടിക്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്യാംപ് ഒരേ സമയം ആറ് മെട്രോ സ്റ്റേഷനുകളില്‍ നടത്താനാണ് പദ്ധതിയിടുന്നത്. ആലുവ, ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷന്, ജെഎല്‍എന്‍ സ്റ്റേഡിയം സ്റ്റേഷന്, മഹാരാജാസ്, വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷനുകളിലാണ് ക്യാംപ് നടക്കുക. 5 വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്ക് ക്യാംപില്‍ പങ്കെടുക്കാം. ഏപ്രില്‍ 10 മുതല്‍ മെയ് 10 വരെ തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്യാംപ്. കഴിഞ്ഞ വര്‍ഷം കൊച്ചി മെട്രോ നടത്തിയ കുട്ടികളുടെ സമ്മര്‍ ക്യാംപിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്തുമാണ് ഇക്കൊല്ലവും കൊച്ചി മെട്രോ സമ്മര്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. ആസ്റ്റര്‍ മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് ക്യാംപ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി 7593833664 എന്ന നമ്പറില്‍ ബന്ധപ്പെടാം.