Society Today
Breaking News

കൊച്ചി:     കനത്ത വേനലില്‍ ജനങ്ങള്‍ക്കായി പൊതു ഇടങ്ങളില്‍ തണ്ണീര്‍ പന്തലുകള്‍ ഒരുക്കാനൊരുങ്ങി ദുരന്ത നിവാരണ അതോറിറ്റിയും ഇന്റര്‍ ഏജന്‍സി ഗ്രൂപ്പും. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നൂറ് തണ്ണീര്‍ പന്തലുകളാണ് ഒരുക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് ഐ എ ജി ജനറല്‍ബോഡി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.പ്രളയം,  കോവിഡ് പോലുള്ള ദുരന്ത സമയത്ത് ദുരന്തനിവാരണ വകുപ്പിന്റെ സഹകരണത്തോടെ ഇത്തരം ഏജന്‍സികളുടെ വലിയ സഹകരണമാണ് ജില്ലയ്ക്ക് ലഭിച്ചത്. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സാധിക്കുകയും നൂറ് ശതമാനം വീടുകളിലും ഹരിത കര്‍മ്മ സേനയുടെ സേവനം ഉറപ്പാക്കുകയും ചെയ്യണം.

കോവിഡിന് സമാന്തരമായ ഈ സാഹചര്യവും എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.വേനല്‍ചൂട് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി നൂറ് തണ്ണീര്‍ പന്തല്‍ ഒരുക്കുന്നത് മാതൃകാ പ്രവര്‍ത്തനമാണ്. ഇന്ന് കൊച്ചി ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്‌നത്തിലും മികച്ച രീതിയിലുള്ള കര്‍മ്മപദ്ധതിയാണ് തയ്യാറാക്കുന്നത്. മികച്ച ജീവിത സാഹചര്യം കെട്ടിപ്പെടുക്കാന്‍ ജില്ലയെസഹായിക്കുന്നതിനുള്ള നടപടികളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.
ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് കണ്‍വീനര്‍  ടി ആര്‍ ദേവന്‍, ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍, ഐ എ ജി ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, എന്‍ ജി ഓ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

Top