Society Today
Breaking News

കൊച്ചി: എറണാകുളം ജില്ലയില്‍ മാലിന്യ സംസ്‌കരണ സംവിധാനം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ബ്രഹ്മപുരത്തേക്ക് കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെയുള്ള മറ്റ് തദ്ദേശ  സ്ഥാപനങ്ങളില്‍ നിന്നും ജൈവ മാലിന്യങ്ങള്‍ ഏപ്രില്‍ 30 വരെ മാത്രം അനുവദിക്കാന്‍ തീരുമാനം. അതിനുള്ളില്‍ സ്വന്തമായി നിയമാനുസൃത ബദല്‍ സംവിധാനംം കണ്ടെത്തണം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെയും, വ്യവസായ  നിയമ വകുപ്പ് മന്ത്രി പി രാജീവിന്റെയും അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലയിലെ നഗരസഭകളുടെ  അവലോകന യോഗത്തിലാണ് തീരുമാനം. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും പൂര്‍ണമായും നടപ്പാക്കുന്നതിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കര്‍മപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തി ശരിയായ രീതിയില്‍ മാലിന്യ സംസ്‌കരണ പരിപാടികള്‍ നടപ്പിലാക്കേണ്ടതിന്റെ  നിയമപരമായ ആവശ്യകത ബോധ്യപ്പെടുത്തണം. ശരിയായ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും  മന്ത്രിമാര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.

വ്യാപകമായ രീതിയില്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ വരുംദിവസങ്ങളില്‍ സംഘടിപ്പിക്കണം. വിവിധ നഗരസഭകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതില്‍ മരട്, തൃപ്പൂണിത്തുറ, കോതമംഗലം, ഏലൂര്‍ മുനിസിപ്പാലിറ്റികളില്‍ ക്യാമ്പയിന്‍ കാര്യക്ഷമമായി നടക്കുന്നതായും യോഗം വിലയിരുത്തി. കൊച്ചി നഗരത്തില്‍ നിലവിലുളള പ്രതിസന്ധിയെ തുടര്‍ന്ന് അവശേഷിക്കുന്ന അജൈവ മാലിന്യങ്ങള്‍ ഒറ്റ തവണയായി നീക്കം ചെയ്യുന്നതിനുള്ള സാധ്യത കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ചേര്‍ന്ന് പരിശോധിക്കും. വഴിയരികില്‍ മാലിന്യം നിക്ഷേപിക്കുന്നത് പിടിക്കുന്നതിന് പിഴയും ശിക്ഷയും ഉറപ്പാക്കുന്നതിനായി പൊലീസ് പരിശോധന വ്യാപകമാക്കണം. മാലിന്യം നിക്ഷേപിക്കുന്ന വാഹനം പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രചരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ പ്രദര്‍ശന വിപണന മേള ഏപ്രില്‍ 30 ന് മുമ്പായി ശുചിത്വ മിഷന്റെ  നേതൃത്വത്തില്‍ സംഘടിപ്പിക്കണം.

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വഴിയരികില്‍ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും, സാധ്യമായിടങ്ങളിലില്‍  സിസിടിവി ക്യാമറ  സംവിധാനം ഒരുക്കുന്നതിനും തീരുമാനിച്ചു. ബ്ലോക്ക് തലത്തില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും, തെരഞ്ഞെടുക്കപ്പെടുന്ന ഹരിത കര്‍മസേന അംഗങ്ങളെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശീലനകരായി നിയോഗിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ  ടി. ജെ വിനോദ്, കെ ബാബു, പി വി ശ്രീനിജിന്‍, എല്‍ദോസ് കുന്നപ്പിള്ളി, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍, അഡീഷണല്‍ ചീഫ്  സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ കളക്ടര്‍  എന്‍ എസ് കെ ഉമേഷ്, നഗരസഭ അധ്യക്ഷന്മാര്‍,  സെക്രട്ടറിമാര്‍ മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍  പങ്കെടുത്തു.
 

Top