Society Today
Breaking News

കൊച്ചി: വേമ്പനാട് കായലില്‍ അപകടരമായ അളവില്‍ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തില്‍ തീരപ്രദേശങ്ങളില്‍ ജലഗുണനിലവാര പരിശോധന ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഫ്ആര്‍ഐ). കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്നുള്ള കടല്‍ക്ഷോഭവും തീരപ്രദേശ പ്രളയങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ തീരദേശവാസികളുടെ കുടിവെള്ള സ്രോതസ്സുകളുടെ ഗുണനിലവാര പരിശോധനയാണ് സിഎംഎഫ്ആര്‍ഐ ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ചെല്ലാനത്തെയും പുതുവൈപ്പിലെയും മത്സ്യത്തൊഴിലാളികളെ ബോധവല്‍കരിക്കുന്നതിനായി നടത്തിയ ശില്‍പശാലയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാലിന്യത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നതിനായി വേമ്പനാട് കായലില്‍ നിലവില്‍ നടപ്പിലാക്കി വരുന്ന റിവൈവല്‍ ഗവേഷണ പദ്ധതിയുടെ തുടര്‍ച്ചയായയാണ് പുതിയ പദ്ധതി.

കുടിവെള്ള സ്രോതസ്സുകള്‍ മലിനമുക്തമാണെന്ന് ഉറപ്പുവരുത്തുകയും ജലജന്യരോഗങ്ങള്‍ തടയുകയുമാണ് ലക്ഷ്യം. പരിസ്ഥിതിയുടെയും അവയെ ആശ്രയിച്ച് കഴിയുന്നവരുടെയും ആരോഗ്യസംരക്ഷണത്തിനായുള്ള 'വണ്‍ ഹെല്‍ത്ത്' ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് സിഎംഎഫ്ആര്‍ഐ നടപ്പിലാക്കാനുദ്ദേശിക്കുന്നത്. ഇതിനായി മൊബൈല്‍ ആപ്പ് വികസിപ്പിക്കാനും കോളേജ് വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കാനും ഉദ്ദേശിക്കുന്നുണ്ട്. വേമ്പനാട് കായലുമായി ബന്ധപ്പെട്ട പഠനത്തിനായി സിഎംഎഫ്ആര്‍ഐ നടപ്പിലാക്കിയ സിറ്റിസന്‍ സയന്‍സ് കാംപയിന്‍ വന്‍ വിജയമായിരുന്നു. നാന്‍സന്‍ എണ്‍വയമെന്റല്‍ റിസര്‍ച്ച് സെന്റര്‍കൊച്ചി, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, ആരോഗ്യ വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ചാണ് പദ്ധതി.

കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളില്‍ നിന്നും ആശ്വാസമേകാന്‍ ചെല്ലാനത്തെയും പുതുവൈപ്പിലെയും പട്ടികജാതി വിഭാഗത്തില്‍ പെട്ട 24 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മത്സ്യവല, ഫ്രീസര്‍, ഐസ് ബോക്‌സ്, മോട്ടോര്‍ പമ്പ് തുടങ്ങിയവ നല്‍കി. സിഎംഎഫ്ആര്‍ഐയുടെ നാഷണല്‍ ഇന്നൊവേഷന്‍സ് ഓണ്‍ ക്ലൈമറ്റ് റെസിലിയന്റ് അഗ്രികള്‍ച്ചര്‍ (നിക്ര) പദ്ധതിയുടെ ഭാഗമായ ഷെഡ്യൂള്‍ഡ് കാസ്റ്റ് സബ് പ്ലാനിന് കീഴിലായിരുന്നു സഹായ വിതരണം. ചെല്ലാനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്പമ്മാ സെബാസ്റ്റിന്‍, ഡോ സി രാമചന്ദ്രന്‍, ഡോ ഗ്രിന്‍സന്‍ ജോര്‍ജ്, ഡോ രതീഷ് കുമാര്‍, വാര്‍ഡ് മെബര്‍ കൃഷ്ണ കുമാര്‍, ഡോ മുഹമ്മദ് ഷഫീഖ് സംസാരിച്ചു.
 

Top