Society Today
Breaking News

കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ ഡോക്ടര്‍ വന്ദന ഹരിദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച്  ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പന്തംകൊളുത്തി പ്രകടനം.ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാളെയും
(11.05.23)  സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഐ.എം.എ വ്യക്തമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകം,കെ.ജി.എം.ഒ.എ,ഐ.ഡി.എ,കെ.ജി.ഐ.എം.ഒ.എ,കെ.ജി.എം.സി.ടി.എ,കെ.ജി.എസ്.ഡി.എ ഉള്‍പ്പെടെ 32 ഓളം മെഡിക്കല്‍ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പന്തം കൊളുത്തി പ്രകടനം നടത്തിയത്.

കലൂര്‍ ഐ.എം.എ ഹൗസിനു മുന്നില്‍ നിന്നും  കലൂര്‍ രാജ്യാന്തര സ്റ്റേഡിയം വരെ നടന്ന പ്രകടനത്തില്‍  ആയിരത്തില്‍ പരം ഡോക്ടര്‍മാര്‍ കത്തിച്ച പന്തങ്ങളും മെഴുകുതിരികളുമായി  അണി നിരന്നു. രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ രാപ്പകല്‍ പാടുപെടുന്ന ഡോക്ടമാര്‍ ജീവന്‍ ബലികഴിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് കെ.ജി.എം.ഒ.എ മുന്‍ സംസ്ഥാന പ്രസിഡന്റും കൊച്ചിന്‍ ഐ.എം.എ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ.സണ്ണി പി. ഓരത്തേല്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

പോലിസ് നോക്കി നില്‍ക്കേയാണ് ആശുപത്രിയില്‍ വെച്ച് അക്രമിയുടെ കുത്തേറ്റ് ഡോ.വന്ദന അതിദാരുണമായി കൊല്ലപ്പെടുന്നത്.ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരെയുള്ള അക്രമം നിരന്തരമായി ഉണ്ടാകുന്നത് തടയാന്‍ അടിയന്തരമായി നിയമ നിര്‍മ്മാണം നടത്തണമെന്ന് ഐ.എം.എ അടക്കമുള്ള മെഡിക്കല്‍ സംഘടനകള്‍ സര്‍ക്കാരിനോട് നിരന്തരമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഇതേ തുടര്‍ന്ന് തയ്യാറാക്കിയ  രൂപ രേഖ ഇപ്പോഴും കോള്‍ഡ്‌സ്‌റ്റോറേജില്‍ വെച്ചതിന്റെ ഫലമാണ് ഡോ.വന്ദനയുടെ കൊലപാതകമെന്നും ഡോ.സണ്ണി പി.ഓരത്തേല്‍ പറഞ്ഞു.കേരളത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും മാത്രമാണ് ഇന്ന് സുരക്ഷയുള്ളത്.ഇനിയും മറ്റൊരു വന്ദന ഉണ്ടാകാന്‍ അനുവദിക്കില്ല.

 മനസാക്ഷി ഉണര്‍ന്ന് പൊതുസമൂഹം ആകെ രംഗത്തു വരണം. സംഭവത്തില്‍ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തില്‍ ഇന്നും ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ പണിമുടക്കും.അതേ സമയം ത്രീവപരിചരണ വിഭാഗത്തെയും ആശുപത്രിയിലെ കിടപ്പു രോഗികളെയും സമരം ബാധിക്കില്ലെന്നും ഡോ.സണ്ണി.പി ഓരത്തേല്‍ പറഞ്ഞു. ഡോ.എം.എന്‍.മേനോന്‍, ഡോ. സച്ചിദാനന്ദ കമ്മത്ത്, ഡോ. എ.വി.ബാബു, ഡോ.ശ്രീനിവാസ കമ്മത്ത്, ഡോ. വിന്‍സെന്റ്, ഡോ.സിബി, ഡോ.ജുനൈദ് റഹ്മാന്‍, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ.എം.എം.ഹനീഷ്, ഡോ.മരിയ വര്‍ഗീസ്, ഡോ. വിനോദ് പത്മനാഭന്‍, ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍, ഡോ.അനിത തിലകന്‍, ഡോ.ടി.വി.രവി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Top