11-May-2023 -
By. news desk
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ അക്രമിയുടെ കുത്തേറ്റ് അതിദാരുണായി കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ മരണത്തില്‍ പ്രതിഷേധിച്ചും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും സംരക്ഷണം നല്‍കുന്നതിനുള്ള നിയമം അടിയന്തരമായി സര്‍ക്കാര്‍ പാസാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന് എറണാകുളം ജില്ലാ ഘടകം,കെ.ജി.എം.ഒ.എ,ഐ.ഡി.എ,കെ.ജി.ഐ,എം.ഒ.എ,കെ.ജി.എം.സി.ടി.എ,കെ.ജി.എസ്.ഡി.എ ഉള്‍പ്പെടെ 32 ഓളം മെഡിക്കല്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എറണാകുളം കലക്ടറേറ്റ് ഉപരോധിച്ചു.
കൊച്ചിന് ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ.ശ്രീനിവാസ കമ്മത്ത് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിര്‍ഭയമായി ജോലി ചെയ്യാനും സംരക്ഷണവും ഇല്ലാത്ത അവസ്ഥ തുടര്‍ന്നാല്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ജോലി ചെയ്യാനുള്ള ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമം നേരിടുമെന്ന കാര്യത്തില്‍ സംശമില്ലെന്ന് ഡോ.ശ്രിനിവാസ കമ്മത്ത് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കു നേരെ അനുദിനം വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ നിമിത്തം തങ്ങളുടെ കുട്ടികളെ എംബിബിഎസ് പഠനത്തിന് അയക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകാത്ത സ്ഥിതിയിലേക്കാണ് കേരളം പോകുന്നത്. സംരക്ഷണമില്ലാത്ത അവസ്ഥയില്‍ ആരും ആരോഗ്യമേഖലയിലേക്ക് ജോലിക്കായി ആരും കടന്നുവരാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന കാര്യം കേരളത്തിലെ ഭരണാധികാരികള്‍ കാണാതെ പോകരുത്. ആരോഗ്യമേഖലയില്‍ കേരളം ഒന്നാമത് എന്നാണ് അവകാശപ്പെടുന്നതെങ്കിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാത്ത സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളതെന്നും ഡോ.ശ്രീനിവാസ കമ്മത്ത് പറഞ്ഞു. ഡോക്ടര്‍മാര്‍ അടക്കമുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും സംരക്ഷണം നല്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പാസാക്കുന്നതുവരെ ഒപി ബഹിഷ്കരിച്ച് തങ്ങള്‍ സമരം ചെയ്യുമെന്നും ഡോ.ശ്രിനീവാസ കമ്മത്ത് പറഞ്ഞു.
ഡോ.വന്ദന ദാസിന്റെ മരണം പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് സമരത്തിന് പിന്തുണയുമായി എത്തിയ രാജ്യസഭാ എം.പി ജെബി മേത്തര്‍ പറഞ്ഞു.ഡോ.വന്ദന ദാസിന്റെ കൊലപാതകം നിസാരവല്‍ക്കരിക്കാനും ന്യായീകരിക്കാനും ശ്രമിച്ചവര്‍ക്കും മാപ്പു നല്കാന് കഴിയില്ല. ഇത്തരക്കാരെയും പ്രതിക്കൂട്ടിലാക്കാണ്ടതാണെന്നും ജെബി മേത്തര്‍ പറഞ്ഞു. വന്ദനയുടെ കുടുംബത്തിന്റെ മാത്രമല്ല മറിച്ച് കേരള സമൂഹത്തിന്റെയാകെ ദുഖമാണ്നമ്മുടെ സഹോദരിയാണ് ഡോ.വന്ദന.ഭാവിയില്‍ ഉയരങ്ങള്‍ കീഴടക്കുമായിരുന്ന കുട്ടിയായിരുന്നു ഡോ.വന്ദന ദാസ്. തന്റെ കര്‍ത്തവ്യനിര്‍വ്വഹണത്തിനിടയില്‍ അക്രമയുടെ കത്തിമുനയില്‍ ജീവന് ഹോമിക്കപ്പെട്ട വന്ദനാ ദാസ് കേരളത്തിന്റെ മനസില്‍ എന്നും വിങ്ങുന്ന ഒാര്മ്മയായിരിക്കുമെന്നും ജെബി മേത്തര്‍ എം.പി വ്യക്തമാക്കി.ഡോ.എം.എം ഹനീഷ്.ഡോ.അന്‍വര്‍ ഹസന്,ഡോ.എബ്രാഹം വര്‍ഗ്ഗീസ്,ഡോ.ശ്രീജ ശ്രീനിവാസ്,ഡോ.എം.എന്‍ മേനോന്,ഡോ.അശ്വിന് സുര്‍ജിത്,ഡോ.സണ്ണി.പി ഒരത്തേല്‍,ഡോ.ഇസഹാക്ക്, ഡോ.വിനോദ് പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.
ആശുപത്രി സംരക്ഷിത മേഖലയായി പ്രഖ്യാപിക്കും; മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സമരം അവസാനിപ്പിച്ചതായി ഐ.എം.എ
കൊച്ചി: ആശുപത്രി സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഓര്‍ഡിനന്‍സ് ഇറക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേല് സമരം അവസാനിപ്പിക്കുകയാണെന്ന് ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ, എബ്രാഹം വര്‍ഗ്ഗീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഒരാഴ്ച സമയമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇത് തങ്ങള്‍ അംഗീകരിക്കുകയാണ്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വരാന്‍ പോകുന്ന പുതിയ ബ്ലോക്കിന് ഡോ.വന്ദനയുടെ പേര് നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇതും പാലിക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും ഡാ, എബ്രാഹം വര്‍ഗ്ഗീസ് പറഞ്ഞു.സര്‍ക്കാര്‍ ഉറപ്പു ലംഘിച്ചാല്‍ വീണ്ടും സമരരംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
#ima #drvandanadasmurder #imaprotest #imaprotesternakulamcollectoret