26-March-2023 -
By. news desk
കൊച്ചി: മലയാള ചലച്ചിത്രലോകത്തെ ഹാസ്യസാമ്രാട്ടും മുന്‍ എം.പിയുമായ ഇന്നസെന്റ് അരങ്ങൊഴിഞ്ഞു.75 വയസായിരുന്നു.കഴിഞ്ഞ രണ്ടഴ്ചയായി എറണാകുളം ലേക്‌ക്ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം രാത്രി 10.30 ഓടെയാണ് വിടവാങ്ങിയത്.അര്‍ബുദ ബാധയെ കീഴടക്കി ജീവിതത്തിലേക്കും മടങ്ങിവന്ന ഇന്നസെന്റ് പിന്നീട് സിനിമയില്‍ സജീവമായിരുന്നു.ഈ മാസം മുന്നിനാണ് ഇന്നസെന്റിനെ വീണ്ടും ലേക് ക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തന ക്ഷമമല്ലാതാകുകയും ചെയ്തിരുന്നു. അസുഖം മൂര്‍ച്ഛിതിനെ തുടര്‍ന്ന് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.ഇതിനിടയില്‍ ഹൃദയാഘാതവും ഉണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി
.1948 മാര്‍ച്ച് നാലിന് ഇരിങ്ങാലക്കുട തേക്കത്തല വറീതിന്റെയും മര്‍ഗ്ഗരീത്തയുടെയും മൂന്നാമത്തെ മകനായി ജനിച്ച ഇന്നസെന്റ് 1972 ല്‍ നൃത്തശാല എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്ത് എത്തുന്നത്.ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജിന്റെ കടുവയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.മലയാളം കൂടാതെ തമിഴ്, ഹിന്ദി,കന്നട അടക്കം 750 ലധികം ചിത്രങ്ങളില്‍ ഇന്നസെന്റ് വേഷമിട്ടു.പ്രിയദര്‍ശന്‍,സത്യന്‍ അന്തിക്കാട്,കമല്‍,ഫാസില്‍ തുടങ്ങിയ മുന്‍നിര സംവിധായകരുടെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇന്നസെന്റ്.മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ 18 വര്‍ഷത്തോളം പ്രസിഡന്റായിരുന്നു ഇന്നസെന്റ്.ഹാസ്യവേഷങ്ങളില്‍ വേറിട്ട ശൈലിയിലുടെ പ്രേക്ഷക മനസില്‍ ഇടം നേടിയ ഇന്നസെന്റ് മോഹന്‍ലാലിനൊപ്പം ദേവാസുരം, രാവണ പ്രഭു തുടങ്ങിയ ചിത്രത്തില്‍ അവതരിപ്പിച്ച വാര്യര്‍ എന്ന കഥാപാത്രത്തിലൂടെ തനിക്ക് സീരിയസ് വേഷങ്ങളിലും തിളങ്ങാമെന്ന് തെളിയിച്ചിരുന്നു.
ജയറാമിനൊപ്പം അഭിനയിച്ച 1989 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ മഴവില്‍ക്കാവടിയാണ് ഇന്നസെന്റിന് പ്രേക്ഷക മനസില്‍ ഇടം നേടി നല്‍കിയ ചിത്രം.ാഈ ചിത്രത്തില്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ഇന്നസെന്റിനെ തേടിയെത്തിയിരുന്നു.ഇതൂ കൂടാതെ ഏഷ്യാനെറ്റ് അടക്കമുള്ള ടി വി ചാനലുകളുടെ വിവിധ പുരസ്‌കാരങ്ങളും ഇന്നസെന്റിനെ തേടിയെത്തിയിട്ടുണ്ട്.സിനിമയക്ക് പുറമെ രാഷ്ട്രീയത്തിലും ഇന്നസെന്റ് തിളങ്ങിയിരുന്നു.ഇടതു സഹയാത്രികനായിരുന്ന ഇന്നസെന്റ് 2014 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്നും മല്‍സരിച്ച് വിജയിച്ചിരുന്നു.പിന്നീട് 2019 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബെന്നി ബഹനാനോട് പരാജയപ്പെട്ടു.ഞാന്‍ ഇന്നസെന്റ,കാന്‍സര്‍ വാര്‍ഡിലെ ചിരി,ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും,മഴക്കണ്ണാടി,ചിരിക്കു പിന്നില്‍ എന്നിങ്ങനെ പുസ്തങ്ങളും ഇന്നസെന്റ് രചിച്ചിരുന്നു.ആലിസ് ആണ് ഭാര്യ.മകന്‍ സോണറ്റ്.