Society Today
Breaking News

കൊച്ചി: മലയാള ചലച്ചിത്രലോകത്തെ ഹാസ്യസാമ്രാട്ടും മുന്‍ എം.പിയുമായ ഇന്നസെന്റ്ിന്റെ മൃതദേഹം എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനു വെച്ചു.അന്ത്യാഞ്്ജലി അര്‍പ്പിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകരും പൊതുജനങ്ങളുമടക്കം വന്‍ തിരക്ക്.ഇന്നലെ രാത്രി 10.30 ഓടെ അന്തരിച്ച ഇന്നസെന്റിന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെയാണ് പൊതുദര്‍ശനത്തിനായി കടവന്ത്രയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കൊണ്ടുവന്നത്.മന്ത്രിമാരായ കെ രാജന്‍,ആര്‍ ബിന്ദു അടക്കമുളളവര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിയിട്ടുണ്ട്.താരസഘടനയായ അമ്മയുടെ ഭാരവാഹികളും എത്തിയിട്ടുണ്ട്.

തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നാടിന്റെ നാനാഭാഗത്ത് നിന്നും വന്‍ജനാവലിയാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.തിരക്കിനെ തുടര്‍ന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കുമായി രണ്ടു പ്രവേശന കവാടങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.12 മണിവരെയായിരിക്കും ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വെയ്ക്കുക.തുടര്‍ന്ന് ഇന്നസെന്റിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും.വൈകുന്നേരം 3.30 വരെ ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിവരെ പൊതുദര്‍ശനത്തിനു വെയ്ക്കും.തുടര്‍ന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.കുടുംബകല്ലറയിലായിരിക്കും സംസ്‌ക്കാരം നടക്കുക.

Top