Society Today
Breaking News

കൊച്ചി: മലയാള ചലച്ചിത്രലോകത്തെ ഹാസ്യസാമ്രാട്ടും മുന്‍ എം.പിയുമായ ഇന്നസെന്റ്ിന്റെ മൃതദേഹം എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുശേഷം ജന്മനാടായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി.ഇന്നലെ രാത്രി 10.30 ഓടെ അന്തരിച്ച ഇന്നസെന്റിന്റെ മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെയാണ് പൊതുദര്‍ശനത്തിനായി കടവന്ത്രയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കൊണ്ടുവന്നത്.ചലച്ചിത്രമേഖല കൂടാതെ രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക ലോകത്തെ പ്രമുഖരടക്കം വന്‍ ജനാവലിയാണ് ഇന്നസെന്റിനെ അവസാനമായി ഒരു നോക്കു കാണാന്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

തിരക്കിനെ തുടര്‍ന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കുമായി രണ്ടു പ്രവേശന കവാടങ്ങളാണ് ക്രമീകരിച്ചിരുന്നത്.11 മണിവരെയായിരുന്നു പൊതു ദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും തിരക്കേറിയതിനെ തുടര്‍ന്ന് 11.30 വരെ നീട്ടുകയായിരുന്നു.തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം ഇന്നസെന്റിന്റെ ജന്മനാടായ ഇരിഞ്ഞാലക്കുടയിലേക്ക് കൊണ്ടുപോയി.വൈകുന്നേരം 3.30 വരെ ഇരിഞ്ഞാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടിലെത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ 10 മണിവരെ പൊതുദര്‍ശനത്തിനു വെയ്ക്കും.തുടര്‍ന്ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.കുടുംബകല്ലറയിലായിരിക്കും സംസ്‌ക്കാരം നടക്കുക.

Top