Society Today
Breaking News

കൊച്ചി : കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച സൂററ്റിലെ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി നിയമപരമല്ലെന്നും ഹൈക്കോടതി വിധികള്‍ക്കും സുപ്രിം കോടതി വിധിക്കള്‍ക്കും ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് ലോഡ്‌സിന്റെ വിധിക്കും  എതിരാണ് ഈ വിധിയെന്നും കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എം.എല്‍.എയും ജെ.എസ്.എസ് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ.എ.എന്‍.രാജന്‍ ബാബു  വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിധിയില്‍ സൂററ്റ് കോടതിക്ക് വിശദീകരിക്കാനാവാത്ത നിയമ പ്രശ്‌നം ഉണ്ടെന്നും അഡ്വ.എ.എന്‍ രാജന്‍ബാബു വ്യക്തമാക്കി.വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി തന്നെയാണ്  ബി.ജെ.പിക്കും, മോദിക്കും ശക്തനനായ  രാഷ്ട്രീയ എതിരാളി എന്ന ഭയമാണ് നിയമ പരമായി നിലനില്‍ക്കാത്ത വിധിയുടെ പേരില്‍ തിടുക്കപ്പെട്ട് അദ്ദേഹത്തെ  പാര്‍ലമെന്റില്‍ നിന്നും ഏകപക്ഷീയമായി പുറത്താക്കിയതിലൂടെ മനസിലാകുന്നത്.

രാഹുല്‍ ഗാന്ധിക്ക് വേണ്ടുന്ന എല്ലാ നിയമ സഹായവും യു.ഡി.എഫ് ഘടക കക്ഷി എന്ന നിലയില്‍ ജെ.എസ്.എസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണ്ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും, ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് ലോഡ്‌സിന്റെയും വിധികള്‍ ചൂണ്ടിക്കാട്ടി അഡ്വ.എ.എന്‍ രാജന്‍ ബാബു പറഞ്ഞു.ഒരു സംഘടനയെയോ, സമൂഹത്തെയോ മൊത്തത്തില്‍ ബാധിക്കുന്ന അപകീര്‍ത്തികരമായ പരാമര്‍ശമാണെങ്കില്‍ ആയതില്‍ പരാതിക്കാരനെ പ്രത്യേകം പറഞ്ഞു പരാമര്‍ശിച്ചിട്ടില്ലെങ്കില്‍ അത്തരക്കാരന്റെ പരാതി കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്ന് കേരള ഹൈക്കോടതി ജസ്റ്റീസ് കെ.ടി.തോമസ് വിധി പ്രസ്താവിച്ചിട്ടുള്ളതാണ്.

പൊതു തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി അന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ 10 ലക്ഷം രൂപ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് നല്‍കിയെന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്‍ പൊതുവേദിയില്‍ പ്രസംഗിച്ചുവെന്നും ഇത് പാര്‍ട്ടിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അപമാനകരവും ആക്ഷേപകരവും മാനനഷ്ടവും ഉളവാക്കുന്നതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമം 500ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹകരമായ കുറ്റം ചെയ്തുവെന്ന് കാട്ടി അന്നത്തെ ബി.ജെ.പി ലോക്കല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍  വി.എസ്.അച്യുതാനന്ദനെതിരെ അപകീര്‍ത്തിക്ക് ക്രിമിനല്‍ കംപ്ലെയിന്റ് ഫയല്‍ ചെയ്തുവെങ്കിലും കേസില്‍ വ്യക്തിപരമായ പരാമര്‍ശം പരാതിക്കാരനെപ്പറ്റി അച്യുതാനന്ദന്‍ നടത്തിയിട്ടില്ലാത്തതിനാല്‍ പരാതി നിലനില്‍ക്കുന്നതല്ലെന്ന് കണ്ട് ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നുവെന്നും  അന്നത്തെ വിധി ചൂണ്ടിക്കാട്ടി അഡ്വ.എ.എന്‍ രാജന്‍ബാബു വ്യക്തമാക്കി.

കോലാറില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മോദി സമുദായത്തിന് അപകീര്‍ത്തികരമായെന്ന് പറയപ്പെടുന്നപരാമര്‍ശം നടത്തിയതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസുണ്ടായത്. ഗുജറാത്തിലെ ബി.ജെ.പി എം.എല്‍.എ ആയ പൂര്‍ണ്ണേശ് മോദിയാണ് ഹര്‍ജിയുമായി കോടതിയിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തെ അടച്ചാക്ഷേപിക്കുന്നതാണെന്ന് ആയിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഈ കേസില്‍ പരാതിക്കാരനായ പൂര്‍ണ്ണേശ് മോദിയെ രാഹുല്‍ തന്റെ പ്രസംഗത്തില്‍ ഒരുതരത്തിലും പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍ പരാതിക്കാരന്‍ വ്യക്തിപരമായി അധിക്ഷേപിക്കപ്പെട്ട വ്യക്തി (person aggrieved)അല്ല. ഈ സാഹചര്യത്തില്‍ സിആര്‍.പി.സി 199 പ്രകാരം പരാതി നല്‍കാന്‍ പൂര്‍ണ്ണേശ് മോദിക്ക് അവകാശം ഇല്ലെന്ന് കണ്ട് മേല്‍പ്പറഞ്ഞ വിധികള്‍ പ്രകാരം രാഹുലിന് എതിരെയുള്ള പരാതി തള്ളിക്കളയേണ്ടതായിരുന്നുവെന്നും അഡ്വ.എ.എന്‍ രാജന്‍ബാബു വ്യക്തമാക്കി.

സി.പി.ഐ.(എം) സെക്രട്ടറിയായിരിക്കെ സി.എച്ച് കണാരന്‍ നല്‍കിയ പരാതിയിലും ഇതേ നിയമ തത്വത്തിന്റ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ വിധി ഉണ്ടായത്. (1971 K.L.T. 145 )  സിറിയന്‍ ക്രിസ്റ്റ്യന്‍ സമുദായത്തെ ബന്ധപ്പെടുത്തിയുള്ള  നാരായണ പിള്ളയും ചാക്കോയും തമ്മിലുള്ള (Narayana Pillai  vs Chacko )(1986 K.L.T 1005) കേസിലും കേരള ഹൈക്കോടതി മേല്‍പ്പറഞ്ഞ നിയമതത്വം അംഗീകരിച്ചാണ് വിധി പുറപ്പെടുവിച്ചിട്ടുണ്ട്.  ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് ലോഡ്‌സില്‍ നുഫറും ലണ്ടന്‍ എക്‌സ്പ്രസ്സ് ദിനപത്രും തമ്മില്‍ സമാനമായ രീതിയില്‍ കേസ് ഉണ്ടാകുകയും ഈ കേസില്‍ മേല്‍പ്പറഞ്ഞ നിയമതത്വം അനുസരിച്ചാണ് വിധിഉണ്ടായത്. (Knupffer vs London Express News Paper Limited (1944) appeal case 116) ലണ്ടനിലെ റഷ്യക്കാരെ സംബന്ധിച്ച പത്രവാര്‍ത്തയായിരുന്നു കേസിന് കാരണം. ഹൗസ് ഓഫ് ലോഡ്‌സില്‍ അഞ്ചംഗ ലോ ലോഡ്‌സാണ് മേല്‍പ്പറഞ്ഞ നിയമതത്വം അനുസരിച്ച് പരാതി തള്ളിക്കളഞ്ഞത്. ഹൗസ് ഓഫ് ലോഡ്‌സിന്റെ ഈ വിധി ഇന്ത്യന്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതി അംഗീകരിച്ചാണ് ജി. നരസിംഹനും ടി.കെ.ചാക്കപ്പയും തമ്മിലിള്ള (G Narasimhan vs T.K.Chakkappa) (A.I.R 1972 S.C 2609 ) കേസില്‍ വിധി പ്രസ്താവിച്ചത്. സുപ്രീം കോടതിയുടെ വിധി രാജ്യത്തെ മുഴുവന്‍ കീഴ്‌ക്കോടതികള്‍ക്കും ് ബാധകമാണെന്നും അഡ്വ.എ.എന്‍ രാജന്‍ബാബു വ്യക്തമാക്കി. ജെ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജയന്‍, ജില്ലാ പ്രസിഡന്റ് വി.കെ സുനില്‍കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

Top