30-March-2023 -
By. news desk
കോട്ടയം: ഫലപ്രദമായ ഹരിത വികസനത്തിന് മാനുഷികപ്രകൃതി മൂലധനത്തിലെ ദീര്‍ഘകാല നിക്ഷേപങ്ങളുടെ വാണിജ്യമൂല്യം അംഗീകരിച്ചുകൊണ്ട്, സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ എന്നിവയില്‍ പരസ്പരബന്ധം സൃഷ്ടിക്കാന്‍ കഴിയണമെന്ന് ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ ഭാഗമായുള്ള രണ്ടാം ഷെര്‍പ്പ യോഗത്തോടനുബന്ധിച്ച് ഹരിതവികസനം: 21ാം നൂറ്റാണ്ടിനായുള്ള വികസനാത്മക കാഴ്ചപ്പാടിന്റെ ആവശ്യകത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ ആവശ്യം ഉയര്‍ന്നു.ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഊര്‍ജലഭ്യത ഉറപ്പുവരുത്തുന്ന കാര്യത്തിലുള്‍പ്പെടെ ജി20 നടത്തുന്ന പരിശ്രമങ്ങള്‍ക്കും ഇടപെടലുകള്‍ക്കും തുടര്‍ച്ചയുണ്ടാകണം. സുസ്ഥിരമായ നഗരങ്ങളും ജീവിത ശൈലിയും രൂപപ്പെടുത്തിയെടുക്കാനും കാര്‍ഷിക പരിഷ്‌കരണങ്ങള്‍ മുന്നോട്ടുവയ്ക്കാനും കഴിയണം. ഹരിതവികസനത്തിനായുള്ള പരിവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.തിരുത്തലിനുള്ള അവസരങ്ങള്‍ തിരിച്ചറിയുകയും ഒപ്പംതന്നെ പുനരുജ്ജീവനവും തുല്യതയും ഉറപ്പാക്കുന്നതിന് യോജിച്ച ശ്രമങ്ങള്‍ ഉണ്ടാകുകയും വേണം.വൈവിധ്യങ്ങളില്‍ ഊന്നി പങ്കാളികള്‍ തമ്മില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയണം.
ഇതിലൂടെ വികസ്വര രാജ്യങ്ങളിലേക്കുള്ള കാലാവസ്ഥാവികസന ധനസഹായ ഒഴുക്ക് ത്വരിതപ്പെടുത്തണം.സുസ്ഥിര വികസനലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എല്ലാത്തരം മൂലധനത്തിലും നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കുക. എംഡിബികള്‍ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമാക്കുക. സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ദുര്‍ബലരാജ്യങ്ങള്‍ക്കു കടത്തില്‍ ഇളവിനും ധനസഹായത്തിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവ ആവശ്യമാണെന്നും യോഗം നിര്‍ദ്ദേശിച്ചു.ആഗോളതലത്തിലുള്ള നയവും സാമ്പത്തികസഹകരണവും മെച്ചപ്പെടുകയും സമന്വയിപ്പിക്കുകയും വേണം. കൂടുതല്‍ ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുള്‍പ്പെടെ, സുസ്ഥിരഹരിത പരിവര്‍ത്തനങ്ങള്‍ക്കായി മെച്ചപ്പെട്ട രാഷ്ട്രീയ സാമ്പത്തിക സഹകരണവും ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുണ്ടാകേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.കുമരകം ബാക്ക്‌വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ ജി20 ഷെര്‍പ്പ അമിതാഭ് കാന്ത്, ജെഫ്രി സാക്‌സ് (കൊളംബിയ സര്‍വകലാശാലയിലെ സുസ്ഥിര വികസനകേന്ദ്ര ഡയറക്ടര്‍), അവിനാഷ് പെര്‍സോദ് (നിക്ഷേപവും സാമ്പത്തിക സേവനങ്ങളും സംബന്ധിച്ച ബാര്‍ബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി; കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘാംഗം), ഷാമിക രവി (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം), ബൊഗോളോ കെനെവെന്‍ഡോ (ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉന്നതതല ഉപദേഷ്ടാവ്, ആഫ്രിക്ക ഡയറക്ടര്‍),
ലില്ലി ഹാന്‍ (റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ ഇന്നവേറ്റീവ് ഫിനാന്‍സ് ഡയറക്ടര്‍), അമര്‍ ഭട്ടാചാര്യ (സീനിയര്‍ ഫെലോ, ഗ്ലോബല്‍ എക്കണോമി ആന്‍ഡ് ഡെവലപ്‌മെന്റ്, സെന്റര്‍ ഫോര്‍ സസ്‌റ്റെയിനബിള്‍ ഡെവലപ്‌മെന്റ്, ബ്രൂക്കിങ്‌സ്; കാലാവസ്ഥാധനകാര്യം സംബന്ധിച്ച സ്വതന്ത്ര ഉന്നതതല വിദഗ്ധ സമിതി എക്‌സിക്യൂട്ടീവ് സെക്രട്ടറി), അനിരുദ്ധദാസ് ഗുപ്ത (ലോക റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒയും പ്രസിഡന്റും), നൈന ഫെന്റണ്‍ (യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ദക്ഷിണേഷ്യ മേഖലാ പ്രതിനിധി), ഒവായിസ് സമദ് (ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് സെക്രട്ടറി, യുഎന്‍എഫ്‌സിസിസി), ശ്ലോക നാഥ് (ഇന്ത്യ ക്ലൈമറ്റ് കൊളാബറേറ്റിവ് സിഇഒ), ജോര്‍ജ് ഗ്രേ മൊളീന (യുഎന്‍ വികസനപരിപാടി നയ നിര്‍വഹണമേധാവിയും മുഖ്യ സാമ്പത്തിക വിദഗ്ധനും), സ്റ്റീഫന്‍ വേഗുഡ് (അവീവ ചീഫ് റെസ്‌പോണ്‍സിബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍) എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.ജി20 ഷെര്‍പ്പ യോഗത്തിന്റെ പ്ലീനറി സെഷനുകള്‍ ഇന്ന് ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രത്യേക പ്രഭാഷണം നടത്തും.ഇന്ത്യയുടെ ജി20 അധ്യക്ഷത സെക്രട്ടറിയറ്റ്, കേന്ദ്ര ഗവണ്മെന്റ്, ഐക്യരാഷ്ട്ര സഭ, ഒബ്‌സര്‍വര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒആര്‍എഫ്) എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.