Society Today
Breaking News

കൊച്ചി: റോഡരുകില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കരിക്കാന്‍ ഇവരില്‍ നിന്നും ഉയര്‍ന്ന തുക പിഴയായി ഈടാക്കാനും മന്ത്രി എം.ബി രാജേഷ് പങ്കെടുത്ത വിവിധ കക്ഷി നേതാക്കളുടെയും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെയും സംയുക്ത യോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍ ആവിഷ്‌കരിച്ച കര്‍മ്മ പദ്ധതി നടപ്പിലാക്കണമെന്നും യോഗത്തില്‍ പൊതുഅഭിപ്രായമുയര്‍ന്നു.എല്ലാ വീടുകളിലും ഹരിതകര്‍മ്മസേന വഴിതന്നെ മാലിന്യം ശേഖരിക്കുവാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകും. മാലിന്യ ശേഖരണത്തെ സംബന്ധിച്ച വിവരങ്ങള്‍ അതത് ഡിവിഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിക്കും. ജൈവ  അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നത് കൂടാതെ അജൈവ മാലിന്യങ്ങള്‍ 6 ആയി തരം തിരിച്ച് ശേഖരിക്കുവാനാണ് തീരുമാനം. ഈ തീരുമാനങ്ങള്‍ ഒറ്റക്കെട്ടായി നടപ്പാക്കുവാന്‍ കൗണ്‍സിലര്‍മാര്‍ മുന്‍കൈ എടുക്കും.  നഗരസഭയുടെയും പോലീസിന്റെയും പരിശോധനകള്‍ ശക്തിപ്പെടുത്തും.കക്ഷി നേതാക്കളുടെ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, നഗരസഭയിലെ യു.ഡി.എഫ്. കക്ഷി നേതാവ് ആന്റണി കുരിത്തറ, യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി  സെക്രട്ടറി എം.ജി അരിസ്‌റ്റോട്ടില്‍, എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ബെനഡിക്ട് ഫെര്‍ണാണ്ടസ്, ബി.ജെ.പി. പാര്‍ലമെന്റി പാര്‍ട്ടിനേതാവ് സുധ ദിലീപ്, സി.പി.ഐ.യുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സി.എ. ഷക്കീര്‍, മുസ്ലീം ലീഗ് പ്രതിനിധി ലൈലദാസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷീബലാല്‍, സുനിത ഡിക്‌സണ്‍, വി.എ. ശ്രീജിത്ത്, തുടങ്ങിയവര്‍പങ്കെടുത്തു.

എല്ലാ വീടുകളിലേയ്ക്കും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും ജൈവമാലിന്യം ഹരിത കര്‍മ്മസേനക്ക് കൈമാറുന്ന വീടുകള്‍ പ്രതിമാസം 150 രൂപ യൂസര്‍ഫീ നല്‍കണം. ജൈവമാലിന്യം വീടുകളില്‍ തന്നെ സംസ്‌കരിച്ച് അജൈവ മാലിന്യം ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കുന്നവര്‍ 75 രൂപ യൂസര്‍ഫീ നല്‍കിയാല്‍ മതിയാകും. യൂസര്‍ ഫീ നല്‍കാത്തവര്‍ വസ്തു നികുതിയോടൊപ്പം നല്‍കേണ്ടിവരും എന്നാണ് സര്‍ക്കാര്‍ ചട്ടം. യൂസര്‍ഫീ നല്‍കാന്‍ സാമ്പത്തികമായി പ്രയാസം ഉള്ളവര്‍ക്ക് വാര്‍ഡ് സഭ തീരുമാനിച്ച് ഇളവ് നല്‍കുന്നതുമാണ്.വീടുകളിലെ മാലിന്യം ബയോ ബിന്നുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കഴിവതും വീട്ടില്‍ തന്നെ സംസ്‌കരിക്കണം. ബയോ ബിന്നുകള്‍ സ്വന്തമായി വാങ്ങുന്നവര്‍ക്ക് 2200 രൂപ നല്‍കിയാല്‍ അവ ലഭിക്കും. സാമ്പത്തികമായി പ്രയാസമുള്ളവര്‍ക്ക് നഗരസഭ തന്നെ പദ്ധതിയുടെ ഭാഗമായി ബയോ ബിന്നുകള്‍ സബ്‌സിഡി നിരക്കില്‍ നല്‍കും.  ബയോബിന്നുകള്‍ ഉപയോഗിക്കാത്തവരുടെ ജൈവ മാലിന്യങ്ങള്‍ നഗരസഭ ശേഖരിക്കും. ശേഖരണത്തിന് അവര്‍ യൂസര്‍ ഫീ നല്‍കണം.അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു മാത്രമേ ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കാന്‍ പാടുള്ളൂ.ഡയപ്പര്‍, സാനിറ്ററി നാപ്കിന്‍ തുടങ്ങി ബയോമെഡിക്കല്‍ വേസ്റ്റ് നല്‍കുന്നവര്‍ അതിന് നിശ്ചയിക്കപ്പെട്ട ഏജന്‍സിയുടെ ഫോണ്‍ നമ്പര്‍ കൗണ്‍സിലര്‍മാര്‍ മുഖേന ശേഖരിക്കേണ്ടതാണ്. അവര്‍ നേരിട്ട് വീട്ടില്‍ വന്ന് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കില്‍ ബയോമെഡിക്കല്‍ വേസ്റ്റ് തൂക്കം നോക്കി  വാങ്ങുന്നതാണ്.

റോഡില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും.നഗരസഭയുടെ ഫൈന്‍ കൂടാതെ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പോലീസ് കൂടി രംഗത്തിറങ്ങണമെന്ന് തീരുമാനിച്ചു.എല്ലാ വാര്‍ഡിലും ഒരു മിനി എം. സി. എഫ് സ്ഥാപിക്കും. ഇത് അജൈവമാലിന്യം ശേഖരിക്കുന്നതിനാണ്. ഇവിടെ ജൈവ മാലിന്യം കൊണ്ടുവരില്ല. അപകടരഹിതവും ദുര്‍ഗന്ധം ഇല്ലാത്തതുമായ അജൈവ മാലിന്യം ശേഖരിക്കുന്നതിന് വേണ്ടി മാത്രമാണ് എം സി എഫുകള്‍ ഉപയോഗപ്പെടുത്തുക. റോഡരികില്‍ മാലിന്യം കെട്ടിവയ്ക്കുന്നത് ഒഴിവാക്കാനാണ് പ്രധാനമായും എം സി എഫുകള്‍ സ്ഥാപിക്കുന്നത്. ആറ് ഇടത്ത് ഈ മാസം തന്നെ ആര്‍ ആര്‍ എഫ് (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) നഗരസഭ സ്ഥാപിക്കും. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ആര്‍ ആര്‍ എഫുകള്‍ വ്യാപിപ്പിക്കും.കഴിയുന്നത്ര സ്ഥലങ്ങളില്‍ തുമ്പൂര്‍മൂഴി മോഡലിലുള്ള ഹീല്‍ ബോക്‌സുകളോ അതുമല്ലെങ്കില്‍ വികേന്ദ്രീകൃതമായി മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനങ്ങളോ പരമാവധി ഏര്‍പ്പെടുത്തും.ബ്രഹ്മപുരത്തേക്ക് അജൈവ മാലിന്യം കൂടാതെ ജൈവമാലിന്യവും കൊണ്ടുപോകാതിരിക്കാനുള്ള പരിശ്രമമാണ് നഗരസഭ നടത്തുന്നത്.കൊച്ചി നഗരത്തില്‍ സംസ്‌കരിക്കാന്‍ കഴിയാത്ത മാലിന്യം ശുചിത്വമിഷന്‍ അംഗീകരിച്ച എംപാനല്‍ ഏജന്‍സികള്‍ മുഖേന സംസ്‌കരിക്കാനാണ് നഗരസഭ തീരുമാനിക്കുന്നത്.ബ്രഹ്മപുരത്ത് 150 ടണ്‍ സംസ്‌കരണ ശേഷിയുള്ള വിന്‍ഡ്രോ കമ്പോസ്റ്റ് പ്ലാന്റ് സ്ഥാപിക്കുന്നത് വരെ താല്‍ക്കാലികമായ ഈ നടപടികള്‍ തുടരാനാണ് നഗരസഭയുടെ തീരുമാനം.
 

Top