Society Today
Breaking News

കൊച്ചി:  സംസ്ഥാന വയോജനകമ്മീഷന്‍ ഈ വര്‍ഷം തന്നെ നിലവില്‍ വരുമെന്ന് മന്ത്രി പി.രാജീവ് . തൃക്കാക്കര ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടക്കുന്ന 'ഹെല്‍ത്തി ഏജിങ്ങ്' പ്രഥമ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  പ്രായമായവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു.ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധി കെ വി തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എംപി ആമുഖ പ്രഭാഷണം നടത്തി. കേരളത്തിന്റെ ജെറിയാട്രിക് പോളിസി സംബന്ധിച്ച പ്രത്യേക സെഷന്‍  സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി  ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. മുന്‍ ധനകാര്യ മന്ത്രി ഡോ. ടിഎം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.

ഏജിങ്ങ്, ജെറിയാട്രിക്‌സ്, റിട്ടയര്‍മെന്റ് ലിവിങ്ങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സംഘടനകളുടെയും, കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെയും സഹകരണത്തോടെ കൊച്ചിയിലെ ബ്ലെസ് റിട്ടയര്‍ ലിവിങ്ങ് ആണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.ആയുര്‍ ദൈര്‍ഘ്യം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രായമായവരുടെ ജനസംഖ്യ ലോകമാകമാനം ഉയരുകയാണ്. അവരുടെ വിവിധങ്ങളായ ആവശ്യകതകളെ സമഗ്രമായി അഭിസംബോധന ചെയ്യുകയാണ് ലക്ഷ്യം. റിട്ടയര്‍മെന്റ് ജീവിതം ഫലപ്രദവും, ആരോഗ്യകരവും സന്തോഷകരവുമായി എങ്ങനെ വിനിയോഗിക്കാം എന്നതിനുള്ള വിവിധ ഉപാധികളും, മാതൃകകളും, ആശയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്തു. 15 സെഷനുകളാണ് ഒരുക്കിയിരുന്നത്.

ജെറിയാട്രിക്, ഏജിങ്ങ്, റിട്ടയര്‍മെന്റ് ലിവിങ്ങ് രംഗത്തെ ആഗോള പ്രമുഖര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, ഉല്പന്ന നിര്‍മാതാക്കള്‍, ആരോഗ്യ സേവന ദാതാക്കള്‍, നയ രൂപീകരണ വിദഗ്ധര്‍, എന്‍ജിഒകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, തൊഴില്‍ ദായകര്‍, അക്കാദമിക് രംഗത്തുള്ളവര്‍, ധനകാര്യ സേവന ദാതാക്കള്‍, അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ ഈ രംഗത്തെ ആഗോള പ്രമുഖര്‍ വരെ പ്രഭാഷകരായി എത്തിയിരുന്നു. ആഗോള തലത്തില്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍ ഈ മേഖല പുതുതായി സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. അത് കേരളത്തിന് വന്‍ തോതില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്. മൂന്ന് ദിവസം നീണ്ടുനിന്ന കോണ്‍ക്ലേവ് നാളെ സമാപിക്കും. സമാപന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംപി,  ഉമ തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

Top