Society Today
Breaking News

കൊച്ചി: കൊച്ചി വാര്‍ട്ട മെട്രോ സര്‍വ്വീസ് ഈ മാസം 26മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും..26 മുതല്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കും.ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വ്വീസ്. 27 മുതല്‍ വൈറ്റില-കാക്കനാട് റൂട്ടില്‍ സര്‍വ്വീസ് ആരംഭിക്കും. രാവിലെ ഏഴുമണി മുതലാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. രാത്രി എട്ടുവരെയാണ് ആദ്യ ഘട്ടം സര്‍വ്വീസ്. തിരക്കേറിയ സമയത്ത് 15 മിനിറ്റ് ഇടവേളകളില്‍ സര്‍വ്വീസ് നടത്തും.20 രൂപയാണ് മിനിമം ചാര്‍ജ്ജ്.ഹൈക്കോര്‍ട്ട്-വൈപ്പിന്‍ 20 രൂപയും വൈറ്റില-കാക്കനാട് 30 രൂപയുമാണ് ചാര്‍ജ്ജ് നിശ്ചയിച്ചിരിക്കുന്നത്. പ്രതിവാര യാത്രാപാസ് 180 രൂപയും പ്രതിമാസ പാസ് 600 രൂപയും ത്രൈമാസപാസ് 1500 രൂപയുമാണ്.

ടെര്‍മിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റുകള്‍ ലഭിക്കും. കൊച്ചി മെട്രോ റെയിലില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചും കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യുആര്‍ ഉപയോഗിച്ചും വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാം.നിലവില്‍ നൂറു പേര്‍ക്ക് യാത്രചെയ്യാവുന്ന എട്ടു ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്.കൊച്ചിയിലെ വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗര ഗതാഗത സംവിധാനത്തിന്റെ ഭാഗമാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ.മെട്രോ റെയിലു സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടര്‍ മെട്രോ ടെര്‍മിനലുകളും ബോട്ടുകളും നിര്‍മ്മിച്ചിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍  10 ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തും. 

Top