Society Today
Breaking News

കൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇ്ന്നു മുതല്‍  പൊതുജനങ്ങള്‍ക്ക്  സഞ്ചരിക്കാനാകും. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സര്‍വീസ്. വൈറ്റില–-കാക്കനാട് റൂട്ടിലുള്ള സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെയാണ് സര്‍വീസ്. തിരക്കുള്ള സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളയില്‍ ഹൈക്കോര്‍ട്ട്–-വൈപ്പിന്‍ റൂട്ടില്‍ സര്‍വീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് സമയം നിജപ്പെടുത്തും.ജലമെട്രോയുടെ നിരക്കുകളും ആകര്‍ഷകമാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ്. ഹൈക്കോര്‍ട്ട്–വൈപ്പിന്‍ റൂട്ടില്‍ 20 രൂപയും വൈറ്റില–കാക്കനാട് റൂട്ടില്‍ 30 രൂപയുമാണ് നിരക്ക്. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറുമുള്ള പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്.

10 ദ്വീപുകളെ ബന്ധിപ്പിച്ച് 38 ടെര്‍മിനലുകളിലായി 76 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കൊച്ചി ജലമെട്രോ  യഥാര്‍ഥ്യമാകുന്നത്.  1136.83 കോടി രൂപ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്. പരിസ്ഥിതി സൗഹൃദമാണ് ജലമെട്രോ. ബാറ്ററിയിലും ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടാണിത്. ലോകത്തില്‍ തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. ബാറ്ററി മോഡില്‍ 8 നോട്ടും ഹൈബ്രിഡ് മോഡില്‍ 10  നോട്ടും ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാണ് ബോട്ടുകളില്‍ പ്രവേശനം. പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് കയറാന്‍ കഴിയില്ലെന്ന് സാരം.  ഇത്തരത്തില്‍   അപകടങ്ങള്‍ തടയാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 9 ബോട്ടുകളാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. അന്‍പത് പേര്‍ക്ക് കയറാവുന്ന ബോട്ടുകളും ഉണ്ടാകും. അമ്മമാര്‍ക്കായുള്ള ഫീഡര്‍ റൂമുകളുള്‍പ്പെടെ സൗകര്യവും ബോട്ടുകളിലുണ്ട്.  ഭിന്നശേഷി സൗഹൃദ ഫ് ളോട്ടിംഗ് ജെട്ടികളായതിനാല്‍ വേലിയേറ്റവേലിയിറക്കം ബാധിക്കില്ല.

Top