26-April-2023 -
By. news desk
കോഴിക്കോട്: കോഴിക്കോടന്‍ ഭാഷയുമായി മലയാള ചലച്ചിത്ര അഭിനയ രംഗത്ത് ഹാസ്യാഭിനയത്തില്‍ വ്യത്യസ്തത സമ്മാനിച്ച മാമുക്കോയ അന്തരിച്ചു.76 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.സ്‌കൂള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കല്ലായിയിലെ കൂപ്പില്‍ തടി അളവുകാരനായി ജോലി തുടങ്ങിയ മാമുക്കോയക്ക് നാടകത്തോട് അടങ്ങാത്ത അഭിനിവേശമായിരുന്നു.പകല്‍ കൂപ്പിലെ പണിയും രാത്രിയില്‍ നാടകാഭിനയവുമായിരുന്നു.1979 ല്‍ അന്യരുടെ ഭൂമിയെന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു മാമുക്കോയയുടെ സിനിമാ പ്രവേശം.1983ല്‍ സുറുമിയിട്ട കണ്ണുകളില്‍ മറ്റൊരു വേഷം ചെയ്തുവെങ്കിലും കാര്യമായ ശ്രദ്ധിക്കപ്പെട്ടില്ല.പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സിബി മലയിലിന്റെ ദൂരെദൂരെ ഒരു കൂടുകൂട്ടാം എന്ന എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയ ശ്രദ്ധിക്കപ്പെടുന്നത്.ഇതോടെയാണ് ചലച്ചിത്ര ലോകത്ത് മാമുക്കോയയുടെ തലവര തെളിയുന്നത്.
പിന്നീട് ശ്രീനിവാസന്റെ ശുപാര്‍ശയില്‍ സത്യന്‍ അന്തിക്കാടിന്റെ ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടുകാരില്‍ ഒരാളായെത്തിയ മാമുക്കോയ പ്രേക്ഷ മനസില്‍ ഇടം നേടി.തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ സന്മസുള്ളവര്‍ക്ക് സമാധാനത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.പിന്നാലെ മമ്മൂട്ടിയുടെ രാരീരത്തിലും മാമുക്കോയക്ക് വേഷം ലഭിച്ചു.തുടര്‍ന്ന് നാടോടിക്കാറ്റ്,വരവേല്‍പ്പ്,മഴവില്‍ക്കാവടി തുടങ്ങിയ സിനിമകളിലുടെ മലയാള സിനിമയിലെ ഹ്ാസ്യതാരങ്ങളുടെ പട്ടികയില്‍ മാമുക്കോയയും ഇടംപിടിച്ചു.പ്രിയദര്‍ശനും സിദ്ദീഖ് ലാലുമൊക്കെ മാമുക്കോയയുടെ കോഴിക്കോടന്‍ ഹാസ്യത്തിന് മാറ്റുകൂട്ടി.മലയാളത്തിലും തമിഴിലുമായി 450ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഒരു ഫ്രഞ്ച് സിനിമയിലും മാമുക്കോയ അഭിനിയിച്ചു.കഴിഞ്ഞ ദിവസം റിലീസായ സുലൈഖ മന്‍സിലാണ് മാമുക്കോയയുടെ ഏറ്റുവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.പെരുമഴക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004 ല്‍ സംസ്ഥാന അവാര്‍ഡില്‍ പ്രത്യേക ജൂറിപരാമര്‍ശം മാമുക്കോയയെ തേടിയെത്തിയിരുന്നു.2008 ല്‍ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തില്‍ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡും മാമുക്കോയയ്ക്ക് ലഭിച്ചിരുന്നു.ഇതു കൂടാതെ സ്വകാര്യ ചാനലുകളേടതടക്കമുള്ള പുരസ്‌കാരങ്ങളും മാമുക്കോയയെ തേടിയെത്തിയിരുന്നു.