27-April-2023 -
By. news desk
കൊച്ചി: 'സേഫ് കേരള' പദ്ധതിയില്‍ നിര്‍മ്മിതി ബുദ്ധി ഉപയോഗിച്ചുള്ള ക്യാമറകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കെല്‍ട്രോണിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തിയതായി വ്യവസായമന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മികച്ച പൊതുമേഖലാ സ്ഥാപനമാണ് കെല്‍ട്രോണ്‍. ഇപ്പോള്‍ വീണ്ടെടുക്കലിന്റേയും മുന്നേറ്റത്തിന്റേയും കാലത്തിലൂടെയാണ് സ്ഥാപനം കടന്നുപോകുന്നത്. 'വിക്രാന്തും' 'എസ്.എല്‍.വി' യും ഉള്‍പ്പെടെ പല പ്രധാന പദ്ധതികളുടേയും ഘടകങ്ങള്‍ കെല്‍ട്രോണ്‍ സ്വന്തമായി നിര്‍മ്മിച്ച് നല്‍കിയതാണ്. ആ രീതിയില്‍ മുന്നേറുമ്പോള്‍ കെല്‍ട്രോണിന് എതിരായ ആക്രമണം മികവിനെ ദുര്‍ബലപ്പെടുത്തുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വസ്തുതകള്‍ കാണാതെ പുകമറ സൃഷ്ടിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ വ്യവസായ വകുപ്പ് കെല്‍ട്രോണില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് തേടുകയും കെല്‍ട്രോണ്‍ അത് നല്‍കുകയും ചെയ്തിട്ടുണ്ട്. നിയമാനുസരണമാണ് കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. ക്യാമറകള്‍ വാങ്ങിയത് സംബന്ധിച്ച എല്ലാ ടെന്‍ഡര്‍ നടപടികളും വിവരങ്ങളും പൊതുജനമധ്യത്തില്‍ ലഭ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാന്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.ക്യാമറയുടെ 12 ഓളം ഘടകങ്ങളില്‍ നാലെണ്ണമാണ് കെല്‍ട്രോണ്‍ സ്വന്തമായി നിര്‍മ്മിച്ചത്. കരാര്‍ നല്‍കിയത് സംബന്ധിച്ച വിവരങ്ങളും പൊതുജനമധ്യേ ഉണ്ട്. ഇക്കാര്യം കെല്‍ട്രോണ്‍ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ക്യാമറകള്‍ സ്ഥാപിച്ച് വെറും ഒരാഴ്ചക്കുള്ളില്‍ റോഡുകളിലെ നിയമലംഘനങ്ങളുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തോളം കുറഞ്ഞതായി മന്ത്രി ചൂണ്ടിക്കാട്ടി.