29-April-2023 -
By. news desk
കൊച്ചി: പ്രൗഢി വിളിച്ചോതുന്ന പാറമേക്കാവ് ഭഗവതിയുടെ തിടമ്പ്, വര്‍ണ്ണാഭമായ നെറ്റിപ്പട്ടം, മനോഹരമായ വെഞ്ചാമരങ്ങള്‍, പല നിറമാര്‍ന്ന കുടകള്‍ എന്നിങ്ങനെ മാറ്റുകൂട്ടുന്ന നിരവധി കാഴ്ചകളാണ് പാറമേക്കാവ് വിഭാഗം ക്ഷേത്രത്തിനടുത്ത കെട്ടിടത്തില്‍ സജ്ജമാക്കിയ പൂരച്ചമയ പ്രദര്‍ശനത്തിലുള്ളത്.45 ഓളം കുടകളും എട്ട് സ്‌പെഷ്യല്‍ കുടകളുമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.
കൂടാതെ ആനകളെ ധരിപ്പിക്കുന്ന മണികള്‍, രാമച്ചം കൊണ്ടുള്ള ഗണപതി വിഗ്രഹങ്ങള്‍, വടക്കുംനാഥ ക്ഷേത്രത്തിന്റെ പൂരക്കാഴ്ച തുടങ്ങി നിരവധി കൗതുകങ്ങള്‍ പൂരച്ചമയ പ്രദര്‍ശനത്തിലുണ്ട്. ഏപ്രില്‍ 28ന് രാത്രി 10 മണി വരെയും ഇന്ന് (ഏപ്രില്‍ 29) രാവിലെ 10 മുതല്‍ രാത്രി 12 വരെയുമാണ് പൊതുജനങ്ങള്‍ക്ക് ചമയ പ്രദര്‍ശനം കാണാനുള്ള അവസരം.ഇതുവരെ ആരും ചെയ്യാത്ത രാമച്ചം കൊണ്ടുള്ള ഗണപതിയുടെ സ്‌പെഷ്യല്‍ കുട, സുബ്രമണ്യന്‍ സ്വാമി, കാളി ദേവി എന്നിവരുടെ കുടകള്‍, തുടങ്ങി കുടമാറ്റത്തിന് കാഴ്ചകാരെ അത്ഭുതപ്പെടുത്താനും അതിശയിപ്പിക്കാനും സര്‍െ്രെപസ് ആയി സ്‌പെഷ്യല്‍ ഐറ്റം കുടകളാണ് പാറമേക്കാവ് വിഭാഗം കുടമാറ്റത്തിന് നിവര്‍ത്തുന്നത്.
ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന കുടകളും കുടമാറ്റത്തിന് ഉപയോഗിക്കും. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, മേയര്‍ എം കെ വര്‍ഗീസ്, പി ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ , സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, കല്‍ദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്ത ഔഗന്‍ കുര്യാക്കോസ്, മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പൂരച്ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും ശബ്ദത്തേക്കാളും കാഴ്ചയ്ക്ക് കൂടുതല്‍ ചാരുത നല്‍കുന്ന വെടിക്കെട്ടാണ് ലക്ഷ്യമിടുന്നതെന്നും പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാല്‍ പറഞ്ഞു. വിവിധ ഇടങ്ങളിലായി കുടിവെള്ള വിതരണമുണ്ടാകും . പൂരദിവസം അയ്യായിരത്തില്‍പരം ആളുകള്‍ക്ക് ഭക്ഷണം നല്‍കും. പൂരത്തിന്റെ അടുത്ത ദിവസം 15,000ത്തില്‍ പരം ആളുകള്‍ക്ക് കഞ്ഞി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാല്‍ പറഞ്ഞു