Society Today
Breaking News

കൊച്ചി: ചിന്നക്കനാലിലെ പ്രദേശവാസികള്‍ക്ക് ജീവന് ഭീഷണിയായി വിഹരിച്ചുകൊണ്ടിരുന്ന  അരിക്കൊമ്പനെ പിടികൂടി പെരിയാറിലെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.വെള്ളിയാഴ്ചയാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്.എന്നാല്‍ ആദ്യ ദിനം ആനയെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നലെ രാവിലെ ഏഴരയോടെ സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയിലുളള പ്രദേശത്ത് അരിക്കൊമ്പനെയും ചക്കക്കൊമ്പനെയും നാട്ടുകാര്‍ കണ്ടെത്തി.തുടര്‍ന്ന് ചക്കക്കൊമ്പനെ പടക്കം പൊട്ടിച്ച്  ദൗത്യം സംഘം ദൂരത്തേയ്ക്ക് മാറ്റി. 11.55 ന് ദൗത്യ സംഘം അരിക്കൊമ്പന് ആദ്യ മയക്കു വെടി നല്‍കി.പിന്നീട് ആനയെ പൂര്‍ണമായും വരുതിയിലാക്കാന്‍ ഇടവേളകളിലായി നാലു ബൂസ്റ്റര്‍ ഡോസുകള്‍ കൂടി നല്‍കി.ഇതിനിടയില്‍ കൊന്നി സുരേന്ദ്രന്‍,കുഞ്ചു അടക്കം നാലു കുങ്കിയാനകളെ ഇറക്കി ദൗത്യ സംഘം അരിക്കൊമ്പനെ വളഞ്ഞു. മയക്കുവെടിയുടെ ആഘാതത്തില്‍ രണ്ടേമുക്കാലോടെ പൂര്‍ണമായും മയക്കത്തിലായ അരിക്കൊമ്പന്റെ നാലുകാലുകളിലും ദൗത്യസംഘം വടം കെട്ടി  പൂര്‍ണ നിയന്ത്രണത്തിലാക്കി.

അപ്പോഴും അര്‍ദ്ധ ബോധാവസ്ഥയിലായിരുന്ന അരിക്കൊമ്പന്‍ പ്രതിരോധിക്കുന്നുണ്ടായിരുന്നു.തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപോയഗിച്ച് ആനയെ തളച്ചിടത്തേയ്ക്ക് വഴിവെട്ടി ഒരുക്കി.തുടര്‍ന്ന് അരിക്കൊമ്പനെ കൊണ്ടുപോകുന്നതിനായി പ്രത്യേകം തയ്യാറാക്കിയ വനംവകുപ്പിന്റെ ലോറി അവിടേയ്ക്ക് എത്തിച്ചു. തുടര്‍ന്ന് കുങ്കിയാനകള്‍ നാലുവശത്ത് നിന്നും അരിക്കൊമ്പനെ തള്ളി ലോറിയിലാക്കാന്‍ ശ്രമിച്ചുവെങ്കിലും അരക്കൊമ്പന്‍ പ്രതിരോധിക്കാന്‍ തുടങ്ങിയെന്നു മാത്രമല്ല കുങ്കിയാനകള്‍ക്കു നേരെ ചീറിയടുക്കുകയും ചെയ്തു.ഇതിനിടയില്‍ വീണ്ടും ഒരു ബുസ്റ്റര്‍ ഡോസുകൂടി അരിക്കൊമ്പന് നല്‍കി.പിന്നാലെ മഴയും എത്തിയതോടെ ദൗത്യം വെല്ലുവിളി നിറഞ്ഞതായെങ്കിലും സംഘം പിന്‍മാറിയില്ല.ഒടുവില്‍ മണിക്കുറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അരിക്കൊമ്പനെ ലോറിയിലെ മരക്കൂട്ടിനുളളിലാക്കി അടച്ചു.

തുടര്‍ന്ന് വനത്തിലെ റോഡിലെത്തിച്ച ശേഷം ആനയുടെ ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമാണ് വൈകിട്ട് ആറുമണിയോടെ പെരിയാറിലെ ഉള്‍വനത്തിലേക്ക് കൊണ്ടുപോയത്.രാത്രിയോടെ പെരിയാറിലെ മേദകാനത്ത് എത്തിച്ച അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് തുറന്നു വിടുകയായിരുന്നു. മയക്കം വിടാനുള്ള ആന്റി ഡോസ് നല്‍കിയാണ് ആനയെ ഇറക്കി വിട്ടതെന്നും തുറന്നു വിട്ട സ്ഥലത്ത് നിന്നും ഒന്നരകിലോമീറ്ററോളം ഉള്‍വനത്തിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോയെന്നും റേഡിയോ കോളര്‍ വഴിയുള്ള സിഗ്നലില്‍ നിന്നും വ്യക്തമായതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. വനം വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദ്യൗത്യമാണ് ഇതോടെ പൂര്‍ത്തിയായത്.
 

Top