Society Today
Breaking News

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് വര്‍ധിക്കും.ഒരു യൂണിറ്റ് വൈദ്യുതിക്ക് സര്‍ ചാര്‍ജ് അടക്കം 19 പൈസയാണ് കൂടുന്നത്കഴിഞ്ഞ ദിവസം വരെ യൂണിറ്റിന് 9 പൈസയായിരുന്നു സര്‍ചാര്‍ജ്. നിലവില്‍ രണ്ടു തരം സര്‍ചാര്‍ജ് ആണുള്ളത്. 3 മാസം കൂടുമ്പോള്‍ കണക്കുകള്‍ റഗുലേറ്ററി കമ്മിഷന്‍ പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ ചട്ടങ്ങള്‍ അനുസരിച്ചു ബോര്‍ഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സര്‍ചാര്‍ജ്.ആദ്യത്തെ രീതിയിലുള്ള സര്‍ ചാര്‍ജ് 9 പൈസ ആണ് ഇന്നലെ വരെ പിരിച്ചിരുന്നത്.പുതിയ  നിയമ പ്രകാരം അതത് മാസത്തെ നഷ്ടം നികത്താന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെ തന്നെ  യൂണിറ്റിന് പത്തു പൈസ വരെ ചാര്‍ജ്ജ് ഈടാക്കാം ഇതു കൂടി ചേര്‍ത്താണ് 19 പൈസ അധികം പിരിക്കുന്നത്.ജൂലൈ മുതല്‍ വൈദ്യുതി നിരക്ക് കൂട്ടിയുള്ള റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് ഈ മാസം വന്നേക്കുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ ജൂലൈ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ വൈദ്യുതി വാങ്ങിയതിന് അധികം വന്ന ചെലവ് ആയി 30 പൈസയും ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെ 14 പൈസയും വേണമെന്നാണു ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. പരിശോധനയില്‍ 285.04 കോടി രൂപ പിരിക്കാനുളളതായി റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തിയിരുന്നു.വൈദ്യുതി സര്‍ ചാര്‍ജ്ജ് ഇപ്പോള്‍ ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു.ഇതിനിടയിലാണ് സര്‍ചാര്‍ജ്ജ് ഈടാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ നിയമം ജനവിരുദ്ധമായി ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേ സമയം പുതിയ ഉത്തരവ് ജനങ്ങള്‍ക്ക് കനത്ത ആഘാതമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.സകല മേഖലയിലുമുണ്ടായിരിക്കുന്ന വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടിയ നിലയിലാണ്. നിത്യോപയോഗ സാധനങ്ങളുടെയടക്കം വില കുതിച്ചുയരുന്നതിനെ തുടര്‍ന്ന് സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റ് ആകെ തകിടം മറഞ്ഞിരിക്കുകയാണ്. ഇതിനു പുറമേയാണ് ഇപ്പോള്‍ വീണ്ടും ഇരുട്ടടി സമ്മാനിച്ചുകൊണ്ട് വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയും ഉണ്ടാകുന്നത്.
 

Top