3-August-2023 -
By.
തിരുവനന്തപുരം: വികസിത രാഷ്ട്രങ്ങളിലെ ആരോഗ്യ പരിപാലന സംവിധാനത്തിന് സമാനമായ സംവിധാനങ്ങളുള്ള കേരളത്തിലെ ആരോഗ്യ ഗവേഷണരംഗത്ത് ദേശീയതലത്തില്‍ നിന്ന് ഭിന്നമായ നയം വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്. ടി), കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം (കെ.എം.ടി.സി) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ബയോമെഡിക്കല്‍ ട്രാന്‍സ്ലേഷനല്‍ റിസര്‍ച്ച് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ ആരോഗ്യ പരിപാലന സംവിധാനം രാജ്യത്ത് ഒന്നാമതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ നേരിടുന്ന ആരോഗ്യ വെല്ലുവിളികള്‍ അല്ല നമുക്കുള്ളത്. നാം നേരിടുന്ന ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ വികസിത രാഷ്ട്രങ്ങളുടേതിന് സമാനമാണ്. അത് സൂചിപ്പിക്കുന്നത് ആരോഗ്യ ഗവേഷണ മേഖലയില്‍ ദേശീയതലത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു നയമാണ് കേരളത്തില്‍ വേണ്ടത് എന്നതാണ്. ആ നയം ദേശീയ തലത്തില്‍ നിന്ന് വ്യത്യസ്തവും അതേ സമയം ലോകനിലവാരത്തിലുള്ളതായിരിക്കുകയും വേണം, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വികസിത രാഷ്ട്രങ്ങളുടെ ആരോഗ്യ ഗവേഷണ നിലവാരത്തിലേക്ക് കേരളത്തിന് ഉയരാന്‍ സാധിച്ചിട്ടില്ല. നമ്മുടെ ഗവേഷണ നിലവാരം വികസിതരാഷ്ട്രങ്ങളുടെ ഒപ്പമെത്തിക്കണം എന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യ ഗവേഷകരുടെ ശ്രദ്ധ പതിയേണ്ട പല പ്രശ്‌നങ്ങളും കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
വിട്ടുമാറാത്ത രോഗങ്ങളും പകര്‍ച്ചവ്യാധികള്‍ അല്ലാത്ത രോഗങ്ങളും വര്‍ധിച്ചുവരികയാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. സാമ്പത്തിക അസമത്വം മൂലമുള്ള പ്രശ്‌നങ്ങള്‍, പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങള്‍, അവരുടെ ചികിത്സയ്ക്കായി പ്രത്യേക സംവിധാനം വികസിപ്പിക്കേണ്ട ആവശ്യകത എന്നിവയുണ്ട്. ആരോഗ്യ പരിപാലന സംവിധാനം അതിന്റെ വികസനത്തിനാവശ്യമായ പുതിയ അറിവുകള്‍ കണ്ടെത്തണം. അത് കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയും വേണം. ആ ലക്ഷ്യത്തില്‍ ഊന്നിയാണ് ട്രാന്‍സ്ലേഷനല്‍ ഗവേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്. പല പ്രാദേശിക രോഗങ്ങളുടെയും മൂലകാരണം വ്യക്തമല്ല. ഇതിന് വിദഗ്ധ പഠനം വേണ്ടതുണ്ട്. ആരോഗ്യ സര്‍വകലാശാല, സംസ്ഥാനത്തെ പ്രഗല്ഭ മെഡിക്കല്‍ കോളജുകള്‍, നഴ്‌സിങ്ങ്, ഫാര്‍മസി, പാരാമെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗവേഷണത്തിന് ആവശ്യമായ സജ്ജീകരണമൊരുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള അടിസ്ഥാന പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയുന്ന വിധം
സ്ഥാപനങ്ങള്‍ സജ്ജമാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍.
ആകുന്നത്ര കേന്ദ്രങ്ങളില്‍ ബയോമെഡിക്കല്‍ വിഷയങ്ങളില്‍ മള്‍ട്ടി ഡിസിപ്ലിനറി ലാബുകള്‍ സജ്ജമാക്കും. മെഡിക്കല്‍ കോളജുകളിലെ ചികിത്സാ പഠനത്തില്‍ ഗവേഷണം അഭിവാജ്യഘടകമാകേണ്ടത് അത്യാവശ്യമാണ്. ജീനോമിക്‌സ് പോലെയുള്ള കാതലായ വിഷയങ്ങളിലെ ഗവേഷണത്തിനായി ബയോ ബാങ്കുമായി ബന്ധപ്പെട്ട് അനന്തമായ ഡാറ്റാ സൗകര്യത്തോടു കൂടിയ അത്യാധുനിക സൗകര്യമുള്ള ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു ലോകോത്തര മികവിന്റെ കേന്ദ്രത്തിലേക്ക് ആരോഗ്യ ഗവേഷണ രംഗത്തെ പ്രശസ്തരായ മലയാളികളെ ആവശ്യമുണ്ട്.
ആരോഗ്യ ഗവേഷണ രംഗത്ത് ആഗോള പ്രശസ്ത മലയാളികള്‍ ഉണ്ടെങ്കിലും അവര്‍ ബഹുഭൂരിഭാഗവും വിദേശത്താണ്. പക്ഷേ അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാനുള്ള മെഡിക്കല്‍ ഡാറ്റ നമുക്കുണ്ട്. കാനഡ മക്മസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ആഗോള പ്രശസ്ത കാര്‍ഡിയോളജിസ്റ്റുമായ പ്രൊഫ. സലിം യൂസഫ് അത്തരമൊരാളാണ്. കുറച്ചുനാളത്തേക്ക് സലിം യൂസഫിനെ പോലുള്ളവരുടെ സേവനം കേരളത്തിനു ലഭ്യമാക്കുന്ന തരത്തില്‍ ബ്രെയിന്‍ ഗെയ്ന്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ആഗോള പ്രശസ്തരായ ആരോഗ്യ ഗവേഷകരെ ഇങ്ങോട്ടേക്ക് വിളിച്ചുവരുത്തി നമ്മുടെ വിദഗ്ധരുമായി അവരുടെ അറിവുകള്‍ പങ്കുവയ്ക്കുന്ന സ്‌കോളര്‍ഇന്റസിഡന്‍സ് പദ്ധതിയും നടന്നുവരുന്നു. ലോകപ്രശസ്തരായ മലയാളികള്‍ക്ക് എന്തുകൊണ്ടാണ് ഇന്‍ഹൗസ് എക്‌സലന്‍സ് കഴിയാതെ വരുന്നത് എന്ന് നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 ലെ കൈരളി ഗ്ലോബല്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മുഖ്യമന്ത്രി സലിം യൂസഫിന് സമ്മാനിച്ചു.