30-August-2023 -
By. news desk
ന്യൂഡല്‍ഹി: സാധാരണക്കാരന്റെ നട്ടെല്ല് തകര്‍ത്ത് സര്‍വ്വ മേഖലയിലും വില കുതിച്ചുയരുന്നതിനിടയില്‍ പാചകവാതക വിലയില്‍ 200 രൂപ കുറവു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 14.2 കിലോഗ്രാം വരുന്ന പാചകവാതക സിലിണ്ടര്‍ ഒന്നിന് 200 രൂപ വീതം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഓഗസ്റ്റ് 30 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. ഡല്‍ഹിയില്‍ 14.2 കിലോഗ്രാം വരുന്ന സിലിണ്ടറിന് 1103 രൂപയാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ വില പ്രകാരം ഇനി 903 രൂപ നല്‍കിയാല്‍ മതി. കൊച്ചിയില്‍ 1110 രൂപയായിരുന്ന ഗാര്‍ഹിക സിലിണ്ടറിന് പുതിയ വില പ്രഖ്യാപന പ്രകാരം 910 രൂപയായി കുറയും.
രാജ്യത്തെ കോടിക്കണക്കിന് സഹോദരിമാര്‍ക്കുള്ള സമ്മാനമാണിതെന്നും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രയോജനം ചെയ്യാനും സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പിഎംയുവൈ കുടുംബങ്ങള്‍ക്ക് നിലവിലുള്ള സബ്‌സിഡിയായ 200 രൂപയ്ക്ക് പുറമേയാണ് ഈ കുറവ്. പിഎംയുവൈ കുടുംബങ്ങള്‍ക്ക്, ഈ കുറവിന് ശേഷം ഡല്‍ഹിയില്‍ സിലിണ്ടറിന് 703 രൂപയാകും നല്‍കേണ്ടി വരിക.9.6 കോടി പിഎംയുവൈ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ രാജ്യത്ത് 31 കോടിയിലധികം ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ ഉണ്ട്. തീര്‍പ്പുകല്‍പ്പിക്കാത്ത പിഎംയുവൈ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും യോഗ്യരായ എല്ലാ കുടുംബങ്ങള്‍ക്കും നിക്ഷേപ സൗജന്യ എല്‍പിജി കണക്ഷന്‍ നല്‍കുന്നതിനുമായി എല്‍പിജി കണക്ഷനില്ലാത്ത പാവപ്പെട്ട വീടുകളിലെ 75 ലക്ഷം സ്ത്രീകള്‍ക്ക് ഗവണ്‍മെന്റ് ഉടന്‍ തന്നെ പിഎംയുവൈ കണക്ഷനുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങും. ഇത് മൊത്തം പിഎംയുവൈ ഗുണഭോക്താക്കളുടെ എണ്ണം 9.6 കോടിയില്‍ നിന്ന് 10.35 കോടിയായി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ക്കുമേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും കുടുംബങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനങ്ങളെന്ന് പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.രാജ്യത്തെ പൗരന്‍മാരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കാനും അവശ്യസാധനങ്ങള്‍ ന്യായമായ നിരക്കില്‍ ലഭ്യമാക്കാനുമുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് പാചകവാതക വില കുറച്ചതിലൂടെ പ്രതിഫലിപ്പിക്കുന്നത്.കുടുംബ ബജറ്റ് കൈകാര്യം ചെയ്യുന്നതില്‍ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഗവണ്‍മെന്റിന് മനസ്സിലാകും. കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരിട്ട് ആശ്വാസം ലഭിക്കുകയെന്ന ലക്ഷ്യത്തോടെയും ഒപ്പം അവശ്യസാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നതും കൂടി മുന്നില്‍കണ്ടാണ് ഗവണ്‍മെന്റിന്റെ തീരുമാനമെന്നും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.