21-October-2023 -
By. news desk
കൊച്ചി: തീരശോഷണം, കടല്‍ക്ഷോഭം, വെള്ളപ്പൊക്കം തുടങ്ങി കടലോരമേഖലയിലുള്ളവര്‍ അനുഭവിക്കുന്ന കാലാവസ്ഥാ കെടുതികള്‍ കുറയ്ക്കാന്‍ ക്ലൈമറ്റ് സ്മാര്‍ട് വില്ലേജുകള്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കെടുതികള്‍ അനുഭവിക്കുന്ന ഗ്രാമങ്ങളെ ദത്തെടുത്ത് ബദല്‍ ഉപജീവനമാര്‍ഗങ്ങളില്‍ പരിശീലനവും അവബോധവും നല്‍കുന്നതാണ് ക്ലൈമറ്റ് സ്മാര്‍ട് വില്ലേജ് പദ്ധതി.ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാര്‍ഷിക സംഘടനയുടെ (എഫ്എഒ) നേതൃത്വത്തില്‍ ചെന്നൈയില്‍ നടന്ന ആഗോള സമുദ്രമത്സ്യ കാലാവസ്ഥാ കോണ്‍ക്ലേവില്‍ സിഎംഎഫ്ആര്‍ഐ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശങ്ങള്‍.തീരദേശമേഖലയില്‍ വര്‍ധിച്ചുവരുന്ന ജലജന്യരോഗങ്ങള്‍ നിയന്ത്രിക്കാന്‍ ജലഗുണനിലവാര പരിശോധന ക്ലിനിക്കുകളാണ് സിഎംഎഫ്ആര്‍ഐ നിര്‍ദേശിക്കുന്നത്. വര്‍ധിച്ചുവരുന്ന ചുഴലിക്കാറ്റും അതിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭങ്ങളും കാരണമായി ഉണ്ടാകുന്ന വെള്ളപ്പൊക്കമാണ് രോഗബാധക്ക് കാരണമാകുന്നത്. സമുദ്രോപരിതല ഊഷ്മാവ് കൂടുന്നതിനെ തുടര്‍ന്ന് കടലില്‍ സൂക്ഷ്മാണുക്കളുടെ തോത് കൂടുന്നതും ജലജന്യരോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു.
കടല്‍ക്ഷോഭവും തീരദേശപ്രളയങ്ങളും മലിനമായ ജലം മേഖലയില്‍ വ്യാപിക്കാന്‍ ഇടവരുന്നുണ്ടെന്നും സിഎംഎഫ്ആര്‍ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.കാലവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് തീരദേശജനതയാണ്. ചുഴലിക്കാറ്റ്, തീരശോഷണം തുടങ്ങിയവ ഉപജീവനത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നുണ്ട്. വരുമാന നഷ്ടം, സ്വത്ത് നഷ്ടം, ആരോഗ്യപ്രശ്‌നങ്ങള്‍ എന്നീ പ്രതിസന്ധികള്‍ കാരണം വലിയ സാമൂഹികസാമ്പത്തിക ബുദ്ധിമുട്ടാണ് മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്നത്. ക്ലൈമറ്റ് സ്മാര്‍ട്ട് വില്ലേജുകള്‍ പോലുള്ള പദ്ധതികള്‍ കെടുതികളുടെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് അവതരിപ്പിച്ച സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോഡൈവേഴ്‌സിറ്റി പരിസ്ഥിതി മാനേജ്‌മെന്റ് വിഭാഗം മേധാവി ഡോ ഗ്രിന്‍സന്‍ ജോര്‍ജ് പറഞ്ഞു.നേരത്തെ കണ്ടുവന്നിരുന്ന പ്രദേശങ്ങളില്‍ നിന്നും മറ്റു മേഖലകളിലേക്ക് ചില വാണിജ്യപ്രധാന മത്സ്യങ്ങളുടെ മാറ്റം, കടല്‍മീനുകളുടെ ഉല്‍പാദനക്ഷമതിയുള്ള കുറവ്, പവിഴപ്പുറ്റുകളുടെ നശീകരണം തുടങ്ങിയവ കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കടലിന്റെ ആവാസവ്യവസ്ഥയിലുണ്ടായ പ്രധാനമാറ്റങ്ങളാണ്.
കാലാവസ്ഥാപ്രതിസന്ധി നേരിടാന്‍ മറ്റനേകം പദ്ധതികളും സിഎംഎഫ്ആര്‍ഐ നിര്‍ദേശിച്ചു. കടല്‍പായല്‍ കൃഷി, കൂടുമത്സ്യകൃഷികക്കവര്‍ഗങ്ങള്‍കടല്‍പായല്‍ എന്നിവ സംയോജിപ്പിച്ചുള്ള കൃഷരീതി (ഇംറ്റ), കണ്ടല്‍വനവല്‍കരണം എന്നിവ ഇതില്‍ പ്രധാനമാണ്. മാത്രമല്ല, ഇതുവരെ മത്സ്യബന്ധനം നടത്താത്ത വിഭവങ്ങളായ ആഴക്കടല്‍ കൂന്തല്‍, ആഴക്കടല്‍ ചൂര തുടങ്ങിയവ പിടിക്കുന്നതിലൂടെ സമുദ്രമത്സ്യബന്ധനമേഖലയില്‍ മെച്ചമുണ്ടക്കാം. നിര്‍മിത ബുദ്ധിയും ഉപഗ്രഹ റിമോട് സെന്‍സിംഗ് സാങ്കേതികവിദ്യകളുമുപയോഗിച്ചുള്ള മത്സ്യലഭ്യത മുന്നറിയിപ്പുകള്‍ക്കുള്ള സംവിധാനം വികസിപ്പിക്കുന്നതും ഗുണം ചെയ്യുമെന്ന് സിഎംഎഫ്ആര്‍ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കേന്ദ്ര ഫിഷറീസ് വകുപ്പും ബേ ഓഫ് ബംഗാള്‍ പ്രോഗ്രാമുമായിരുന്നു (ബിഒബിപി) വ്യാഴാഴ്ച സമാപിച്ച കോണ്‍ക്ലേവിന്റെ സംഘാടകര്‍.