Society Today
Breaking News

കൊച്ചി: സംസ്ഥാനത്ത് സുതാര്യമായ ബിസിനസ് അന്തരീക്ഷം ഒരുക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫിക്കിയും കെ എസ് ഐ ഡി സി യും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കേരള വികസന സമ്മേളനത്തില്‍ ഓണ്‍ലൈനായി പ്രതിനിധികളെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ അവസരങ്ങളും പുരോഗതിയും ഉള്ള നാടാണ് കേരളം. അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റുകയെന്നതും നൂതന സമൂഹമായി പരിവര്‍ത്തനം ചെയ്യുക എന്നതുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കണക്റ്റിവിറ്റി ഹബായ കേരളത്തില്‍ ഉന്നത നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇ ഗവേണന്‍സും  സാങ്കേതിക മേന്മയും ഉപയോഗപ്പെടുത്താന്‍ നിക്ഷേപകരെ പൂര്‍ണ  മനസോടെ സ്വാഗതം ചെയ്യുകയാണ്.

ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം എന്നതാണ് സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്.കേരളത്തിന്റെ ഭാവി വാര്‍ത്തെടുക്കുന്നതിനായി 22 മേഖലകള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. സുസ്ഥിര വികസനത്തിനായി നിക്ഷേപ സൗഹൃദ നയങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി അതുല്യമായ വികസന മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്. വ്യവസായ സൗഹൃദ നടപടികളുടെ ഭാഗമായി ഒട്ടേറെ ചട്ടങ്ങളില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ടെന്നും സുതാര്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വ്യാവസായിക അന്തരീക്ഷം തന്നെ മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇതിനായി ചടുലവും ക്രിയാത്മകവുമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം, നിക്ഷേപക പ്രോത്സാഹനം എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top