16-January-2024 -
By. news desk
കൊച്ചി: ബിജെ.പി പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. മഹാരാജാസ് കോളജ് മൈതാനം മുതല്‍ എറണാകുളം ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്റര്‍ നീണ്ടു നിന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാന്‍ റോഡിന്റെ ഇരുവശങ്ങളിലും ബി.ജെ.പി പ്രവര്‍ത്തര്‍ ഉള്‍പ്പെടെ വന്‍ ജനാവലിയാണ് തടിച്ചൂ കൂടിയത്. തുറന്ന വാഹനത്തില്‍ ജനങ്ങളെ കൈ ഉയര്‍ത്തി അഭിവാദനം ചെയ്തു നീങ്ങിയ പ്രധാനമന്ത്രിയെ മുദ്രാവാക്യം വിളികളോടെയും പുഷ്പവൃഷ്ടിയോടെയുമാാണ് ജനങ്ങള്‍ എതിരേറ്റത്. ആദരവ് ഏറ്റുവാങ്ങിയ പ്രധാനമന്ത്രി തിരിച്ചും പൂക്കള്‍ എറിഞ്ഞുകൊടുക്കുന്നത് കാണാമായിരുന്നു.വൈകിട്ട് ആറിന് റോഡ് ഷോ തുടങ്ങുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി എത്താന്‍ വൈകിയതിനാല്‍ 7.30ലേക്ക് മാറ്റുകയായിരുന്നു.എന്നാല്‍ ഇതിനും വളരെ മുമ്പേ തന്നെ റോഡ് ഷോ കടന്നു പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്.
ബി..ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രധാമന്ത്രിക്കൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 6.50 ഓടെ നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി ഡോ.വി. വേണു, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവരും പ്രധാമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്ന് ഹെലികോപ്ടറില്‍ ഏഴു മണിയോടെ നേവല്‍ ബേസ് എയര്‍പോര്‍ട്ടിലേക്ക് യാത്രയായി.ഇവിടെ നിന്നുമാണ് റോഡ് ഷോയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മഹാരാജാസ് കോളജ് മൈതാനത്തിനു സമീപത്തേയ്ക്ക് എത്തിയത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന റോഡ് ഷോയ്ക്ക് ശേഷം എറണാകുളം ഗവ.ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രി തങ്ങിയത്. തുടര്‍ന്ന് ഇന്ന് രാവിലെ ഗുരുവായര്‍ ക്ഷേത്രത്തില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പോകും ഇതിനു ശേഷം തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി തിരികെ കൊച്ചിയില്‍ എത്തും.തുടര്‍ന്ന് കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന ചടങ്ങില്‍ നാലായിരം കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകുന്നേരം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപിയുടെ പരിപാടിയിലും പങ്കെടുത്ത് ഡല്‍ഹിക്കു മടങ്ങും.