Society Today
Breaking News

കൊച്ചി: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് ആഗോളതാപനം നിയന്ത്രിക്കാനുള്ള മുന്‍കരുതല്‍ അനിവാര്യമാണെന്നും അനുയോജ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍  ഭാവിയില്‍ നവജാത ശിശുക്കളുടെ അടക്കം വളര്‍ച്ചാ ഘട്ടങ്ങളില്‍ ആരോഗ്യത്തെ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കൊച്ചിയില്‍ നാലു ദിവസമായി നടന്നുവന്ന ശിശുരോഗ വിദഗ്ദരുടെ സംഘടനയായ  ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്(ഐ.എ.പി)ന്റെ  61 ാമത് ദേശീയ സമ്മേളനം ' പെഡിക്കോണ്‍2024 '  മുന്നറിയിപ്പു നല്‍കി. ആഗോള താപനവും അന്തരീക്ഷ മലിനീകരണവും മാനവരാശിയെയും ജീവജാലങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ പ്രകൃതിയെ സംരക്ഷിക്കുന്നതിന് മുന്‍തൂക്കം കൊടുക്കണം.ജീവിത ശൈലി രോഗളുടെ പ്രധാന കാരണം മനുഷ്യര്‍ പ്രകൃതിയില്‍ നിന്നും അകലുന്നതാണ്. കുട്ടികള്‍ പോലും ജീവിത ശൈലീ രോഗങ്ങള്‍ക്ക് അടിമപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം കുട്ടികളുടെ ആരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ എല്ലാം ബോധവല്‍ക്കരണം അനിവാര്യമാണെന്നും  ശിശുരോഗ വിദഗ്ദര്‍ ചൂണ്ടിക്കാട്ടി. അന്തരീക്ഷ മലിനീകരണം കുട്ടികളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്.ഇന്നത്തെ കുട്ടികളാണ് നാളത്തെ തലമുറ. അതുകൊണ്ടുതന്നെ കുട്ടികളുടെ ആരോഗ്യ സംരക്ഷണം അതിപ്രധാനമാണ്.അതിന് നാം തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങളായിരിക്കും നേരിടേണ്ടി വരിക. പ്രകൃതിയെ സംരക്ഷിയ്ക്കുകയും ഒപ്പം കുട്ടികളെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യണമെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു.കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ മാതാപിതാക്കളുടെ തണലില്‍ കഴിയുന്നവരാണ്.അതു കൊണ്ടുതന്നെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തില്‍ മാതാപിതാക്കള്‍ക്ക് നിര്‍ണ്ണായക പങ്കാണുള്ളതെന്നും വീടുകളില്‍ നിന്നും ബോധവല്‍ക്കരണം ആരംഭിക്കണമെന്നും സമ്മേളനം വിലയിരുത്തി.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏഴായിരത്തിലധികം ശിശുരോഗ വിദഗ്ദരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സമ്മേളനത്തില്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് 600 ലധികം പ്രബന്ധങ്ങല്‍ അവതരിപ്പിച്ചു.12 വേദികളിലായി വിവിധ വിഷയങ്ങളില്‍ നടന്ന സെമിനാറുകള്‍ക്ക് ഇന്ത്യയില്‍ നിന്നും അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നായി 1200 ലധികം വിദഗ്ദ ഡോക്ടര്‍മാര്‍  നേതൃത്വം നല്‍കി. സമാപന സമ്മേളനം ഐ.എ.പി ദേശീയ പ്രസിഡന്റ് ഡോ. ജി വി ബസവരാജ് ഉദ്ഘാടനം ചെയ്തു.ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. സച്ചിദാനന്ദ കമ്മത്ത് അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ഇലക്ട് ഡോ.വസന്ത്.എം ഖലേത്കര്‍,ട്രഷറര്‍ ഡോ, അതനു ബദ്ര, ഐ.എ.പി കേരള പ്രസിഡന്റ് ഡോ.ഷിമ്മി പൗലോസ്, കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ.എം.എസ് നൗഷാദ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി ഡോ. എം നാരായണന്‍, ട്രഷറര്‍  ഡോ. എം.ഐ ജുനൈദ് റഹ്മാന്‍,ഡോ.എം. വേണുഗോപാല്‍,ഡോ. അബ്രാഹം കെ. പോള്‍,ഡോ. ആര്‍. രമേഷ് കുമാര്‍, ഡോ.സജിത് ജോണ്‍, ഡോ.ഡി. ബാലചന്ദ് തുടങ്ങിയവര്‍ സംസാരിച്ചു
 

Top