14-June-2024 -
By. news desk
കൊച്ചി: കഴിഞ്ഞ ദിവസം കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളടക്കമുള്ളവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരളം. മുഖ്യമ്ര്രന്തിയും കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരുമടക്കം വന്‍ ജനാവലിയാണ് മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.വ്യോമസേനയുടെ വിമാനത്തില്‍ കുവൈറ്റില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ പത്തരയോടെ എത്തിച്ച മൃതദേഹങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ഏറ്റുവാങ്ങി.
തുടര്‍ന്ന്
വിമാനത്താവളത്തില്‍ പ്രത്യേക തയ്യാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനായി വെച്ച മൃതദേഹങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ , കേന്ദ്രമന്ത്രിമാരായ കീര്‍ത്തി വര്‍ധന്‍ സിംഗ്, സുരേഷ് ഗോപി,തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.എസ് മസ്താന്‍, സംസ്ഥാന മന്ത്രിമാരായ പി രാജീവ്, കെ രാജന്‍,റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വീണാ ജോര്‍ജ്ജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,ഹൈബി ഇഡന്‍ എംപി, എംഎല്‍എമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ ജനാവലി അന്ത്യാജഞ്ജലി അര്‍പ്പിച്ചു.
23 മലയാളികളടക്കം 45 പേരുടെ പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.ഇതില്‍ 23 മലയാളികളുടെയും ഏഴു തമിഴ്‌നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ വെച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറി 14 മൃതദേഹങ്ങള്‍ നടപടികള്‍ക്ക് ശേഷം വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. മലയാളികളുടെയും തമിഴ്‌നാട് സ്വദേശികളുടെയും കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങള്‍ നെടുമ്പാശേരിയിലെ പൊതുദര്‍ശനത്തിനു ശേഷം അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോയി.
പോലിസിന്റെ അകമ്പടിയോടെ ഒരോ ആംബുലന്‍സിലുമായിട്ടാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ബി അരുണ്‍(തിരുവനന്തപുരം), നിധിന്‍ കൂത്തൂര്‍(കണ്ണൂര്‍), അനീഷ്‌കുമാര്‍ (കണ്ണൂര്‍),സിബന്‍(പത്തനംതിട്ട),തോമസ് സി ഉമ്മന്‍(പത്തനംതിട്ട),മാത്യു തോമസ് (ആലപ്പുഴ),ആകാശ് ശശിധരന്‍ നായര്‍ (പന്തളം),രഞ്ജിത് (കാസര്‍കോഡ്),ഷിബു വര്‍ഗീസ്(കോട്ടയം),ശ്രീജിഷ് തങ്കപ്പന്‍ നായര്‍ (തിരുവനന്തപുരം), സാജു വര്‍ഗീസ് (പത്തനംതിട്ട),കേളു (കാസര്‍കോഡ്),സ്‌റ്റെഫിന്‍ അബ്രാഹം സാബു (കോട്ടയം),ബാഹുലേയന്‍(മലപ്പുറം),നൂഹ് (മലപ്പുറം),ലൂക്കോസ് (കൊല്ലം), സാജന്‍ ജോര്‍ജ്ജ് (കൊല്ലം), വാസുദേവന്‍ മുരളീധരന്‍ നായര്‍ (പത്തനംതിട്ട),വിശ്വാസ് കൃഷ്ണന്‍(കണ്ണൂര്‍), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ് (തൃശൂര്‍),ഷമീര്‍ ഉമറുദീന്‍ (ശൂരനാട് നോര്‍ത്ത്, കൊല്ലം),സുമേഷ് പിള്ള സുന്ദരന്‍ (പെരിനാട്, കൊല്ലം) എന്നിവരാണ് മരിച്ച മലയാളികള്‍