31-October-2024 -
By. news desk
കൊച്ചി: യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വൈകിട്ട് 5.21 നാണ് അന്ത്യം സംഭവിച്ചത്. ആറ് മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു പതിറ്റാണ്ടിലധികമായി യാക്കോബായ സുറിയാനി സഭയുടെ ഇടയനായിരുന്നു. ഇന്ന് രാവിലെ 9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിനു ശേഷം 10.30 ന് കബറടക്കത്തിന്റെ പ്രാരംഭ ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചനമസ്‌ക്കാരം കഴിഞ്ഞ് ഒരു മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് രണ്ട് മണിക്ക് കോതമംഗലം വലിയ പള്ളിയില്‍ നിന്ന് മൂവാറ്റുപുഴ വഴി 4 മണിക്ക് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദര്‍ശനം.
നവംബര്‍ രണ്ടിന്‌രാവിലെ 8 മണിക്ക് പാത്രിയര്‍ക്കാ സെന്റര്‍ കത്തീഡ്രലില്‍ വി.കുര്‍ബ്ബാന ഉണ്ടായിരിക്കും. മൂന്നു മണിക്ക് കബറടക്കത്തിന്റെ സമാപന ശുശ്രൂഷ ആരംഭിക്കും. ശ്രേഷ്ഠ ബാവായുടെ വിയോഗത്തില്‍ പള്ളികളിലും, പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം നടക്കും. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് വടയമ്പാടിയില്‍ ചെറുവിള്ളില്‍ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളില്‍ ആറാമനായി 1929 ജൂലൈ 22 നായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സിഎം തോമസ് ജനിച്ചത്. മലേക്കുരിശ് ദയറായില്‍ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സൗഹൃദമാണ് തോമസിനെ വൈദികവൃത്തിയിലേക്ക് ആകര്‍ഷിച്ചത്.1952 ല്‍ അഭിവന്ദ്യ മോര്‍ പീലക്‌സീനോസ് പൗലോസ് മെത്രാപ്പോലീത്ത (കാലം ചെയ്ത പുണ്യശ്ലോകനായ പൗരസ്ത്യ കാതോലിക്ക ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവ) കോറൂയോ സ്ഥാനത്തേക്ക് ഉയര്‍ത്തി.
1957 ല്‍ കടമറ്റം സെന്റ്. ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും അദ്ദേഹം തന്നെ ശെമ്മാശ്ശ പട്ടവും നല്‍കി.1958 ല്‍ മഞ്ഞിനിക്കര ദയറായില്‍ വെച്ച് അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായിരുന്ന മോര്‍ യൂലിയോസ് ഏലിയാസ് ബാവയില്‍ നിന്നും കശീശ്ശാ പട്ടം സ്വീകരിച്ച ചെറുവിള്ളില്‍ സി.എം തോമസ് അച്ചന്‍ പരിപൂര്‍ണ്ണ വൈദീക ജീവിതം ആരംഭിച്ചു.1967 മുതല്‍ 73 വരെയുള്ള കാലഘട്ടത്തില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി, ആശുപത്രി ചാപ്പ്‌ളിന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.1973 നവംബറില്‍ കോതമംഗലം മര്‍ത്തമറിയം വലിയ പള്ളിയില്‍ കൂടിയ അങ്കമാലി ഭദ്രാസന പള്ളിപ്രതിപുരുഷയോഗം സി.എം തോമസ് അച്ചനെ മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
1974 ഫെബ്രുവരി 24 ന് ദമസ്‌കൊസില്‍ വെച്ച് പരിശുദ്ധ ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ മോര്‍ ദീവന്നാസിയോസ് തോമസ് എന്ന നാമധേയത്തില്‍ മെത്രാനായി വാഴിച്ചു.2000 ഡിസംബര്‍ 27 ന് പുത്തന്‍കുരിശില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷന്‍ മോര്‍ ദീവന്നാസിയോസ് തോമസ് മെത്രാപ്പോലീത്തയെ നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തെരഞ്ഞെടുത്തു.2002 ജൂലൈ 26 ന് ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക എന്ന നാമധേയത്തില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കായായി വാഴിച്ചു.