18-November-2024 -
By. news desk
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്സവത്തില് 1450 പോയിന്റോടെ മലപ്പുറം ജില്ല ചാമ്പ്യന്മാരായി. 1412 പോയിന്റുമായി കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും 1353 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്കൂള്‍ തലത്തില്‍ കാര്ഡര്ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച് എസ് എസ് 140 പോയിന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസ് 131 പോയിന്റുമായി രണ്ടാം സ്ഥാനവും 126 പോയിന്റുമായി ഇടുക്കി കൂമ്പന്‍പാറ എഫ് എം ജി എച്ച് എസ് എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. വൊക്കേഷണല്‍ എക്സ്പോയില്‍ മേഖലാതലത്തില്‍ നടന്ന മല്‍സരത്തില്‍ 67 പോയിന്റോടെ തൃശൂര്‍ മേഖല ഓവറോള്‍ ചാമ്പ്യന്മാരായി. 66 പോയിന്റ് നേടി കൊല്ലം രണ്ടാം സ്ഥാനവും 60 പോയിന്റ് നേടി എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേള്‍സ് എച്ച് എസ് എസില്‍ നടന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു.
ശാസ്ത്രോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും ശാസ്ത്രമേള ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിച്ചു. ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലക്കായി ഇത്തവണ ആദ്യമായി ഏര്‍പ്പെടുത്തിയ എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി മന്ത്രി സജി ചെറിയാന് വിദ്യാഭ്യാസ വകുപ്പിനുവേണ്ടി അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷിന് കൈമാറി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് മന്ത്രി സജി ചെറിയാന് ട്രോഫികള്‍ സമ്മാനിച്ചു.
എംഎല്‍എമാരായ പി പി ചിത്തരഞ്ജന്, എച്ച് സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ കെ കെ ജയമ്മ, ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം ആര് പ്രേം, നസീര്‍ പുന്നയ്ക്കല്‍, എം എസ് കവിത, എം ജി സതീദേവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, ആര് സിന്ധു, വി കെ അശോക് കുമാര്‍, ഷാലി ജോണ്‍, കെ ജെ ബിന്ദു, എല്‍ പവിഴകുമാരി, എം കെ ശോഭന, സിസ്റ്റര്‍ ഷൈനി തോമസ്, റ്റി ജെ മോന്‍സി, വി അനിത, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്കൂളുകളിലെ 150 ഓളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്വാഗതഗാനം ആലപിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ അഖില്‍ ശ്രീകുമാറിന്റെ സാന്‍ഡ് ആര്‍ട്ടും സമാപനസമ്മേളനത്തില്‍ അരങ്ങേറി. ആലപ്പുഴ പൗരസമിതിക്ക് വേണ്ടി ചിത്രകാരന് സാജന് ലയം കളര്‍പെന്‍സില്‍ ഉപയോഗിച്ച് വരച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ ചിത്രം സ്നേഹസമ്മാനമായി ചടങ്ങില്‍ കൈമാറി.