Society Today
Breaking News

കൊച്ചി: പരമ്പരാഗത രീതിയിലുള്ള പരസ്യപ്രചാരണത്തിന്റെ കാലം അവസാനിച്ചെങ്കിലും നവമാധ്യമ പ്രചാര രീതികളും വെല്ലുവിളി നേരിടുകയാണെന്ന് കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനത്തിലെ(ഐസിടിടി) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റിലെ ഇടപെടല്‍ രഹസ്യമായി നിരീക്ഷിച്ച് വ്യക്തികളുടെ ഉപഭോക്തൃ ശീലങ്ങളും സ്വഭാവ രീതികളും മനസിലാക്കുകയും അത് ചൂഷണം ചെയ്യുകയും ചെയ്തിരുന്ന കാലം അവസാനിച്ചു കൊണ്ടിരിക്കുകയാണെന്ന് ഐഐഎം ബംഗളൂരുവിലെ ബിസിനസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. സീമ ഗുപ്ത പറഞ്ഞു. വെബ് ബ്രൗസറുകളിലെയും മൊബൈല്‍ ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റവും വഴി ഉപഭോക്തൃശീലങ്ങള്‍ മനസിലാക്കിയിരുന്ന കാലം അവസാനിച്ചു. ആപ്പിള്‍ പോലുള്ള ഫോണുകള്‍ പരസ്യപ്രചാരണത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും അടച്ച് കഴിഞ്ഞു. ഗൂഗിളാകട്ടെ കുക്കീസ് സേവനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്തു.ഈ സാഹചര്യത്തില്‍ പ്രൊഫഷണല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് വലിയ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ഡോ. ഗുപ്ത പറഞ്ഞു. അതിനാല്‍ തന്നെ വസ്തുനിഷ്ഠമായ, സ്വാഭാവികമായ പരസ്യരീതികള്‍ക്ക് മാത്രമേ ഭാവിയില്‍ നിലനില്‍പ്പുണ്ടാകൂ എന്ന് അവര്‍ പറഞ്ഞു. ഉപഭോക്താവിന്റെ സ്വകാര്യതയ്ക്ക് മുമ്പെങ്ങുമില്ലാത്ത പ്രാധാന്യം കൈവന്നിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്കെത്താന്‍ നവപരസ്യമാര്‍ഗ്ഗങ്ങളിലൂടെ സാധിക്കുമെന്ന് റിജെനറേറ്റീവ് ട്രാവലിന്റെ  സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു. വൈകാരികമായും വ്യക്തിപരമായും ഉപഭോക്താവിന്റെ മനസില്‍ ചിരപ്രതിഷ്ഠ നേടാനുള്ള എളുപ്പമാര്‍ഗമാണ് കഥകള്‍ പറയുകയെന്ന് അദ്ദേഹം പറഞ്ഞു. വസ്തുനിഷ്ഠമായ, ലളിതമായ കഥകളിലൂടെ ഏത് ബ്രാന്‍ഡിനെയും ആകര്‍ഷകമാക്കാമെന്ന് അദ്ദേഹം പറഞ്ഞു.ടൂറിസം രംഗത്താണ് ഇതിന് ഏറ്റവുമധികം സാധ്യതയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യയുടെ കാലത്ത് കഥപറച്ചിലിന് വലിയ സാധ്യതയാണുള്ളത്. കഥയുടെ കഥകഴിഞ്ഞു എന്ന നിലയില്‍ നിന്ന് എആര്‍, വിആര്‍, നിര്‍മ്മിതബുദ്ധി എന്നിവ ഉപയോഗിച്ച് കഥയുടെ സ്വഭാവവും രീതിയും തന്നെ മാറ്റി മറിക്കാമെന്ന നിലയിലേക്കെത്തി.സാമൂഹിക പ്രതിബദ്ധതയും ഈ മാര്‍ഗ്ഗത്തിലൂടെ പ്രചരിപ്പിക്കാമെന്ന് സച്ചിന്‍ പറഞ്ഞു. സാംസ്‌ക്കാരിക വൈവിദ്ധ്യം കൊണ്ട് സമ്പന്നമായ ഇന്ത്യയിലാണ് ഈ പ്രചാരണമാര്‍ഗത്തിന് ഏറ്റവും സാധ്യതയുള്ളത്. സംസ്‌ക്കാരം, ചരിത്രം, ഭക്ഷ്യശീലങ്ങള്‍ എന്നിവയെല്ലാം ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ സഹായിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് 99 സ്‌റ്റെയേഴ്‌സ് സഹസ്ഥാപക ദീപ്തി പാര്‍മാര്‍ സംസാരിച്ചത്.

ലക്ഷക്കണക്കിന് തെരയുകലാണ് ഇന്റര്‍നെറ്റില്‍ ദിനം തോറും നടക്കുന്നത്. അതില്‍ നിന്ന് സ്വന്തം സംരംഭത്തിന്റെ ബിസിനസിന് യുക്തമായത് എത്തിക്കുകയെന്നതാണ് സെര്‍ച്ച എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍. എന്താണോ സ്വന്തം ടൂറിസം ഉത്പന്നം, അതിനനുസരിച്ചുള്ള തെരയല്‍ വാക്കുകള്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് തയ്യാറാക്കുന്നതാണ് പ്രധാനം.സ്വന്തം സ്ഥാപനത്തിനെ ഇന്റര്‍നെറ്റിലെ തെരയലില്‍ കാഴ്ചക്കാരിലേക്കെത്തിക്കുന്നത് പോലെ തന്നെ പ്രധാനമാണ് എന്തൊക്കെ വിവരങ്ങള്‍ പൊതുഇന്റര്‍നെറ്റ് മണ്ഡലത്തില്‍ നല്‍കണമെന്നതും. ഇതിനായി പ്രൊഫഷണല്‍ സേവനങ്ങള്‍ നേടുന്നത് ഉപകാരപ്രദമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനും(അറ്റോയി) കേരള ടൂറിസവും സംയുക്തമായാണ് ഐസിടിടി സമ്മേളനം സംഘടിപ്പിച്ചത്.സമൂഹമാധ്യമങ്ങള്‍ഡിജിറ്റല്‍ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ എങ്ങിനെ ടൂറിസം സംരംഭങ്ങള്‍ക്ക് വിജയകരമായി ബിസിനസ് നടത്താനാകുമെന്നതായിരുന്നു ഇക്കുറി പ്രധാന ചര്‍ച്ചാവിഷയം.അറ്റോയി പ്രസിഡന്റ് വിനോദ് സിഎസ്, ഐസിടിടി2023 കണ്‍വീനര്‍ അനീഷ് കുമാര്‍ പി കെ, രാജ്യത്തെ വിവിധ ടൂറിസം അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.
 

Top