5-March-2023 -
By. news desk
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകമൂലം നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ ആവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാക്കനാട് കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.പുക പടര്‍ന്നിരിക്കുന്ന പ്രദേശങ്ങളിലുളളവര്‍ എന്‍ 95 മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണം. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ കഴിവതും പുറത്തിറങ്ങാതിരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
പുകമൂലം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ചികിത്സിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 100 കിടക്കകള്‍, തൃപ്പൂണിത്തുറയിലെ താലുക്ക് ആശുപത്രിയില്‍ 20 കിടക്കകള്‍, കളമശേരി മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ക്കായി 10 കിടക്കകളും സ്മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്.തീയണയ്ക്കുന്നതിന് രംഗത്തുള്ള അഗ്നി രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്സിജന്‍ പാര്‍ലറുകള്‍ ബ്രഹ്മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സും ഉണ്ട്. ആംബുലന്‍സില്‍ ഒരേസമയം നാലുപേര്‍ക്ക് ഓക്സിജന്‍ നല്‍കുന്നതിന് സൗകര്യമുണ്ട്.കാറ്റിന്റെ ദിശ അനുസരിച്ച് പുക വ്യാപിച്ചതിനാല്‍ ബ്രഹ്മപുരത്തിനും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 2 കണ്ട്രോള് റൂമുകള്‍ ആരംഭിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജ്: 8075774769, ഡിഎംഒ ഓഫീസ്: 0484 2360802 എന്നിവിടങ്ങളിലാണ് കണ്ട്രോള് റൂമുകള്‍.വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വരുന്ന ഒരാഴ്ച്ച 24 മണിക്കൂറും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അധിക ജീവനക്കാരെ നിയോഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് പള്‍മനോളജിസ്റ്റ് ഉള്‍പ്പെടെ പ്രത്യേക മെഡിക്കല്‍ സംഘവും ഇവിടെയുണ്ടാകും. ഓക്സിജന്‍ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായാല്‍ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ജില്ലയുടെ എല്ലാ ഭാഗത്തും നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ബ്രഹ്മപുരത്ത് നിരീക്ഷണ കേന്ദ്രം തുടങ്ങും. നിലവില്‍ വൈറ്റിലയിലെയും ബിപിസിഎല്ലിലെയും നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് വായുവിന്റെ ഗുണനിലവാരത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.