Society Today
Breaking News

കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ഉയരുന്നത് രണ്ടു ദിവസത്തിനകം പൂര്‍ണമായി പരിഹരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ബ്രഹ്മപുരത്ത് ആരംഭിച്ച മെഡിക്കല്‍ ക്യാംപ് സന്ദര്‍ശിക്കുകയായിരുന്നു കളക്ടര്‍. തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30 ഫയര്‍ ടെന്‍ഡറുകളും 12 ഹിറ്റാച്ചികളും ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

കൂടാതെ നേവിയുടെയും വ്യോമസേനയുടെയും സംഘങ്ങളുമുണ്ട്.വ്യോമസേനയുടെ സൊലൂര്‍ സ്‌റ്റേഷനില്‍ നിന്നുള്ള എംഐ 17 വി5 ഹെലികോപ്ടറാണ് ബ്രഹ്മപുരത്ത് തീയും പുകയും അണയ്ക്കുന്നതിന് വെള്ളം മുകളില്‍ നിന്ന് പമ്പ് ചെയ്യുന്നതിനായി എത്തിയത്. ഒന്നര മണിക്കൂര്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ തുടര്‍ന്നു. ആറ് ഷട്ടിലുകളിലായി 10,800 ലിറ്റര്‍ വെള്ളമാണ് ഒഴിച്ചത്. എഫ് എ സി ടിയുടെ റിസര്‍വോയറില്‍ നിന്നാണ് ജലമെടുത്തത്. മാലിന്യക്കൂമ്പാരം ഇളക്കിക്കൊണ്ട് അകത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ്. താഴെ നിന്ന് പുകയണയ്ക്കാന്‍ കാറ്റ് അനുകൂലമല്ലാത്ത സമയങ്ങളില്‍ നേവിയുടെയും വ്യോമസേനയുടെയും ഹെലികോപ്ടറുകളില്‍ മുകളില്‍ നിന്നു വെള്ളം പമ്പ് ചെയ്യുന്നു. ആറു ദിവസമായി തുടര്‍ച്ചയായി ജോലി ചെയ്തുവരുന്ന ജീവനക്കാരാണ് ഇവിടെയുള്ളത്. പരിശീലനം നേടിയ വിദഗ്ധരായവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള ജോലി ചെയ്യാന്‍ കഴിയൂവെന്നും കളക്ടര്‍ പറഞ്ഞു. ഇതുവരെ പുക മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍, 12 വയസിനു താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

വായുവിന്റെ ഗുണനിലവാരം അളക്കാന്‍ നിരീക്ഷണ വാഹനം

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുളള മൊബൈല്‍ വാഹനം സിവില്‍ സ്‌റ്റേഷനിലെത്തി. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വാഹനം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി.  കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നുള്ള ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് വാന്‍ ആണ് എത്തിയത്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഹേഷ് മോഹന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. 
പിഎച്ച്ഡി വിദ്യാര്‍ഥിയായ എന്‍.ജി. വിഷ്ണു, എംഎസ്‌സി വിദ്യാര്‍ഥിയായ ആല്‍ബിന്‍ ഷാജന്‍ എന്നിവരാണ് വാഹനത്തിലുള്ളത്. മൂന്ന് ദിവസം വായുവിന്റെ ഗുണനിലവാരം നിരീക്ഷിച്ച ശേഷം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് നല്‍കും. ആദ്യ ദിവസം സിവില്‍ സ്‌റ്റേഷനിലാണ് വാഹനം തങ്ങുന്നത്. അടുത്ത ദിവസം മറ്റിടത്തേക്ക് മാറ്റും. അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളുടെ നിലയറിയാനുള്ള ഫീല്‍ഡ് ഗ്യാസ് അനലൈസറും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. എം.ജി. സര്‍വകലാശാല എന്‍വയോണ്‍മെന്റ് സയന്‍സ് വിഭാഗത്തിലെ പ്രോഫ. ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തിലാണ് ഹരിത വാതകങ്ങളുടെ തോത് അളക്കുന്നത്.ദക്ഷിണേന്ത്യയില്‍ എം.ജി. സര്‍വകലാശാലയില്‍ മാത്രമാണ് ഇത്തരത്തില്‍ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനുള്ള മൊബൈല്‍ വാഹന സൗകര്യമുള്ളത്. നാലു വര്‍ഷം മുന്‍പാണ് സര്‍വകലാശാല വാഹനം വാങ്ങിയത്.


ബ്രഹ്മപുരത്ത്  മെഡിക്കല്‍ ക്യാംപ് തുടങ്ങി

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കലുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്ന  ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി പ്ലാന്റിനു സമീപത്ത് മെഡിക്കല്‍ ക്യാംപ് പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും മെഡിക്കല്‍ ടീമിന്റെ സേവനമുണ്ടാകും. ഫയര്‍ ആന്റ് റെസ്‌ക്യൂ സേനാംഗങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. നാല് ഡോക്ടര്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനം നല്‍കും. പാരാമെഡിക്കല്‍ സ്റ്റാഫും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നഴ്‌സുമാരും സേവനത്തിനുണ്ടാകും. 
രണ്ട് ആംബുലന്‍സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സില്‍ രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ആംബുലന്‍സില്‍ മെഡിക്കല്‍ സംഘമാണുള്ളത്. ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ആംബുലന്‍സിലുണ്ടാകും. ആശുപത്രികളിലേക്ക് രോഗികളെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തി. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, കളമശേരി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ ഈ ആശുപത്രികളിലെത്തിക്കും.നേരത്തേ ബ്രഹ്മപുരം മാലിന്യപ്ലാന്റിനു സമീപത്തെ കെഎസ്ഇബിയുടെ ട്രാന്‍സ്മിഷന്‍ സ്‌റ്റേഷനിലെ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാംപ് നടത്തിയിരുന്നു. സ്‌റ്റേഷനിലെ 40 ജീവനക്കാര്‍ക്ക് വൈദ്യ പരിശോധന നടത്തി. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടോ എന്നാണ് പരിശോധിച്ചത്. ആവശ്യമായ മരുന്നുകളും നല്‍കി. രക്തസമ്മര്‍ദം, പ്രമേഹം എന്നീ പരിശോധനകളും ക്യാംപില്‍ ലഭ്യമാക്കി. 
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവിയുടെ നേതൃത്വത്തിലാണ് ക്യാംപ് ആരംഭിച്ചത്. അഡീഷണല്‍ ഡിഎച്ച്എസ് ഡോ. വി. ജയശ്രീ സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഡോ. വിവേക് പൗലോസ്, ഡോ. അമിത, ഡോ. അനീഷ് ബേബി, ഡോ. ഷാബ് ഷെറീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് മെഡിക്കല്‍ ക്യാംപിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
 

Top