11-March-2023 -
By. news desk
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 90 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റര്‍/ മണ്ണുമാന്തികള്‍ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികള്‍ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നത്.
ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തില്‍ നിലവില്‍ 170 അഗ്‌നിശമന സേനാംഗങ്ങളും, 32 എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ മാരും,11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവില്‍ ഡിഫന്‍സ് അംഗങ്ങളും, 30 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാര്‍ഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയര്‍ യൂണിറ്റുകളും, 32 എസ്‌കവേറ്റര്‍ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷര്‍ പമ്പുകളുമാണ് നിലവില്‍ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്.