13-March-2023 -
By. news desk
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്ക്. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിലും കുറവ് രേഖപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.ഏഴു സെക്ടറുകളില്‍ രണ്ടിടങ്ങളിലാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മറ്റു മേഖലകളിലെ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രാവിലത്തെ അപേക്ഷിച്ച് അന്തരീക്ഷത്തിലെ പുകപടലത്തില്‍ വലിയ തോതിലുളള മാറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.നിലവില്‍ അഗ്‌നി രക്ഷാ സേനയുടെ 18 യൂണിറ്റുകളാണ് ദുരന്തമുഖത്തുള്ളത്. 98 സേനാംഗങ്ങള്‍ക്ക് പുറമേ 16 ഹോം ഗാര്‍ഡുകളും സിവില്‍ സിഫന്‍സ് സേനയിലെ 57 പേരും ബ്രഹ്മപുരത്തുണ്ട്. ആരോഗ്യ വകുപ്പിലെയും പൊലീസിലെയും നാല് പേര്‍ വീതമാണ് നിലവില്‍ പ്ലാന്റിലുള്ളത്. തീ അണയ്ക്കുന്നതിനായി മൂന്ന് ഹൈ പ്രഷര്‍ പമ്പുകളും 22 എസ്‌കവേറ്ററുകളുമാണ് ഉപയോഗിക്കുന്നത്. എത്രയും വേഗം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശത്തോടെ ശക്തമായ രക്ഷാപ്രവര്‍ത്തനമാണ് അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍ ഇതുവരെ ചികിത്സ തേടിയത് 73 പേര്‍
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍ ഇതു വരെ ചികിത്സ തേടിയത് 73 പേര്‍. തമ്മനം, പൊന്നുരുന്നി ഭാഗങ്ങളിലാണ് നിലവില്‍ മൊബൈല്‍ യൂണിറ്റുകള്‍ ഉള്ളത്.ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങ ളോടെയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ച രണ്ട് യൂണിറ്റുകളെയായിരുന്നു ഇതിനായി ചുമതലപ്പെടുത്തിയിരുന്നത്. ഇതില്‍ ഒരെണ്ണം ആസ്റ്റര്‍ മെഡിസിറ്റിയും രണ്ടാമത്തേത് ദേശീയ ആരോഗ്യ ദൗത്യവുമാണ് നടത്തുന്നത്.ചമ്പക്കര, വൈറ്റില, വെണ്ണല എന്നിവിടങ്ങളിലാണ് ഇതിനോടകം മൊബൈല്‍ യൂണിറ്റുകള്‍ സന്ദര്‍ശിച്ചത്. ചമ്പക്കര എസ്.എന്‍.ഡി.പി. ഹാളിന് സമീപം കുന്നര പാര്‍ക്കില്‍ 25 പേരായിരുന്നു ചികിത്സ തേടിയെത്തിയത്. വൈറ്റില കണിയാമ്പുഴ എസ്.ടി.വൈ എല്‍.പി സ്‌കൂളില്‍ 21 പേരും, വെണ്ണലയില്‍ 27 പേരും ചികിത്സ തേടി.
യൂണിറ്റുകളില്‍ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്‌റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതില്‍ ലഭ്യമാവും. മിനി സ്‌പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.