14-March-2023 -
By. news desk
കൊച്ചി:കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ക്രൂരമായി ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ)ന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്.പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 17 ന് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന്് ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അന്നേ ദിവസം രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഒ.പി ചികില്‍സയില്‍ നിന്നും മാറിനിന്നാണ് സമരം നടത്തുകയെന്ന് ഐ.എം.എ ഭാരവാഹികള്‍ വ്യക്തമാക്കി.
അതേ സമയം ആശുപത്രികളിലെ അത്യാഹിത വിഭാഗം,അടിയയന്ത്ര ശസ്ത്രക്രിയകള്‍ എന്നിവ പതിവുപേലെ നടക്കുമെന്നും ഐ.എം.എ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.സമരത്തിന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ അടക്കം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഡോ. ജോസഫ് ബെനവന്‍ വ്യക്തമാക്കി.വിഷയവുമായി ബന്ധപ്പെട്ട രോഗിയുമായി യാതൊരു വിധത്തിലും ഇടപെടാത്ത വ്യക്തിയാണ് അക്രമത്തിനിരയായ ഡോക്ടര്‍.ആശുപത്രിയില്‍ ഉണ്ടായിരുന്ന പോലിസുകാരുമായി സംസാരിച്ചുകൊണ്ട് നില്ക്കുന്ന സമയത്താണ് അവര്‍ നോക്കി നില്‍ക്കേ ഡോക്ടറെ അക്രമി സംഘം കൊലവിളി നടത്തിക്കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഡോ. ജോസഫ് ബെനവന്‍ പറഞ്ഞു.
ഡോക്ടറുടെ മൂക്കിന് അടക്കം ഗുരുതരമായി പരിക്കേറ്റിട്ടും പോലിസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. ആക്രമണത്തിന് കാരണമായി പറയുന്ന വിധത്തില്‍ യാരുവിധ ചികില്‍സാ പിഴവും സംഭവിച്ചിട്ടില്ല.ഇക്കാര്യം നേരത്തെ തന്നെ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി നല്‍കിയിട്ടുള്ളതാണെന്നും ഡോ. ജോസഫ് ബെനവന്‍ വ്യക്തമാക്കി.ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല.ആഴ്ചയില്‍ ഒന്ന് എന്ന നിലയിലാണ് നിലവില്‍ സംസ്ഥാനത്ത് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ അക്രമങ്ങള്‍ നടക്കുന്നത്.ഇത് തടയേണ്ട സര്‍ക്കാര്‍ കാഴ്ചക്കാരായി മാറുകയാണ്.രോഗികളുടെ ജീവന് രക്ഷിക്കാന്‍ എല്ലാം മറന്ന് അഹോരാത്രം ജോലി ചെയ്യുന്നവരാണ് ഡോക്ടര്‍മാരും നേഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍.നിര്‍ഭാഗ്യവശാല്‍ തങ്ങളുടെ ജീവന് യാതൊരു സുരക്ഷിതത്വമില്ലാത്ത സ്ഥിതിയാണുള്ളതെന്നും ഐ.എം.എ ഭാരവാഹികള്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ മാത്രം ഏതാണ്ട് 200ലേറെ ആക്രമണങ്ങളാണ് സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് നേരെ നടന്നത്.ആശുപത്രികള്‍ക്കു നേരെ 164 ആക്രമങ്ങള്‍ നടന്നതായിട്ടാണ് കോവിഡ് കാലത്ത് മന്ത്രി തന്നെ നിയമ സഭയില്‍ പറഞ്ഞത്.അതിനു ശേഷമുള്ള വര്‍ഷം 42 ഉം നടന്നതായിട്ടാണ് വ്യക്തമാക്കപ്പെടുന്നത്.ഇപ്പോഴും ഇത് തുടരുകയാണ്.
ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ യഥാസമയം പിടികൂടുകയോ ശിക്ഷ ഉറപ്പാക്കുകയോ ചെയ്യുന്നതില്‍ പോലിസ് കാണിക്കുന്ന അനാസ്ഥയാണ് ഡോക്ടര്‍മാരടക്കമുളള ആരോഗ്യപ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നത്.ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം നടന്നാല്‍ പരാതികിട്ടി ഒരു മണിക്കൂറിനുള്ളില്‍ തന്നെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ സംസ്ഥാനത്ത് ഇത് പാലിക്കപ്പെടുന്നില്ലെന്നും ഇതില്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ ആശങ്കയിലാണെന്നും ഡോ. ജോസഫ് ബെനവന്‍ വ്യക്തമക്കി.ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ച് പുതിയ രീതിയില്‍ കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സഹര്‍ഷം സ്വാഗതം ചെയ്യുന്നു.അതേ സമയം തന്നെയാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ ഉണ്ടായ കൊലപാതക ശ്രമം.ഇത് ഞെട്ടിപ്പിക്കുന്നതാണ്.പോലിസിന്റെ സാന്നിധ്യത്തില്‍ നടന്ന ആക്രമണത്തിലെ മുഴുവന്‍ പ്രതികളെയും ഒരാഴ്ച പിന്നിട്ടിട്ടും പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.
ഡോക്ടര്‍മാര്‍,നേഴ്സുമാര്‍ അടക്കമുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിര്‍ഭയം ആത്മവിശ്വാസത്തോടെ തങ്ങളുടെ ജോലി നിര്‍വഹിക്കാനുള്ള അന്തരീക്ഷമാണ് വേണ്ടത്.അത് സര്‍ക്കാര്‍ ഒരുക്കി നല്‍കണം.ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണം.ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ആക്രമണം നടത്തിയ പ്രതികള്‍ രക്ഷപെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണം.പ്രതിഷേധ സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും കോഴിക്കോട് സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുംഡോ. ജോസഫ് ബെനവന്‍ ആവശ്യപ്പെട്ടു.
രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുക എന്നുള്ളത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ലക്ഷ്യം അല്ല. പക്ഷേ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നേരെ ഇത്തരത്തില്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടുകയും അതിനു പിന്നിലെ പ്രതികളെ അറസ്റ്റു ചെയ്യാതെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് മൂലം ഡോക്ടര്‍മാര്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്.ഇത് തിരിച്ചറിഞ്ഞ് പൊതു സമൂഹവും തങ്ങള്‍ക്കു പിന്തുണയുമായി ഒപ്പമുണ്ടാകണമെന്നും ഐ.എം.എ ഭാരവാഹികള്‍ പറഞ്ഞു.ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്.ശ്രീനിവാസ കമ്മത്ത്,സെക്രട്ടറി ഡോ.ജോര്‍ജ്ജ് തുകലന്‍,ഐ.എം.എ എറണാകുളം ജില്ലാ ചെയര്മാന് ഡോ.സാബു പോള്‍,ജില്ലാ കണ്‍വീനര്‍ ഡോ.എം.എം ഹനീഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.