Society Today
Breaking News

കൊച്ചി:  ബ്രഹ്മപുരത്ത് മാലിന്യപ്ലാന്റ് തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ചട്ടം 330 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലന്‍സ് അന്വേഷണം നടത്തും.ബ്രഹ്മപുരത്ത് തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ, ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനും കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ടേംസ് ഓഫ് റഫറന്‍സിന്റെ അടിസ്ഥാനത്തിലാണ്  സംഘം അന്വേഷണം നടത്തുക

തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം?ഭാവിയില്‍ തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ നടപ്പിലാക്കേണ്ട നടപടികള്‍ എന്തെല്ലാം?ഖരമാലിന്യ സംസ്‌കരണമാലിന്യ നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ നിലവിലെ സ്ഥലം എത്രത്തോളം അനുയോജ്യമാണ്?സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും എത്രത്തോളം പാലിക്കപ്പെട്ടിട്ടുണ്ട്?നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെകില്‍ അതിന്റെ ഉത്തരവാദികള്‍ ആരൊക്കെയാണ്?വിന്‍ഡ്രോ കമ്പോസ്റ്റിംഗ് നടപ്പിലാക്കാന്‍ ഏര്‍പ്പെട്ട ഉടമ്പടിയില്‍ പിഴവുകള്‍ ഉണ്ടായിരുന്നുവോ?കൊച്ചി കോര്‍പറേഷന്‍ ബ്രഹ്മപുരത്തെ പ്രവൃത്തി കൃത്യമായി നിരീക്ഷിച്ചിരുന്നുവോ? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കായിരുന്നു? പ്രവൃത്തിയില്‍ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചിരുന്നോ ?പ്രവൃത്തിയില്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിക്കുന്നതിന് കരാറുകാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം?കൊച്ചി കോര്‍പറേഷനിലെ ഖര മാലിന്യം സംഭരിക്കാനും സംസ്‌കരിക്കാനും ഉദ്ദേശിച്ച സ്ഥലത്ത് മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യം കൂടി വരാനുള്ള കാരണമെന്ത്?നിലവില്‍ സ്ഥാപിച്ചിട്ടുള്ള വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം?വിന്‍ഡ്രോ കമ്പോസ്റ്റിംഗ് പ്ലാന്റിന്റെ ശോചനീയാവസ്ഥക്കും നടത്തിപ്പിലെ വീഴ്ചകള്‍ക്കും ഉത്തരവാദികള്‍ ആരെല്ലാം?മുന്‍കാല മാലിന്യം കൈകാര്യം ചെയ്യാനെടുത്ത നടപടികളുടെ വിശകലനവും കാലതാമസത്തിനുള്ള കാരണങ്ങളും.ബയോ റെമഡിയേഷന്‍ പ്രക്രിയ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്  ഒപ്പിട്ട കരാര്‍ പ്രകാരം കോര്‍പറേഷന്റെയും കരാറുകാരുടെയും ചുമതലകള്‍ അതത്  കക്ഷികള്‍ എത്രത്തോളം പാലിച്ചിരുന്നു,കൊച്ചി കോര്‍പറേഷന്‍ പരിധിക്കുള്ളില്‍ ജൈവ, അജൈവ മാലിന്യ ശേഖരണത്തിനും  അവ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുമുള്ള സംവിധാനം എന്തായിരുന്നു? കരാറുകാരുടെ പ്രവര്‍ത്തനം വിലയിരുത്തിയത് എങ്ങനെയായിരുന്നു? തരം  തിരിക്കാതെ മാലിന്യം ശേഖരിക്കുന്നതിനും ബ്രഹ്മപുരത്ത് നിക്ഷേപിക്കുന്നതിനും  തീരുമാനിക്കാനുള്ള കാരണമെന്ത്? ഇത് പരിഹരിക്കാനെടുത്ത നടപടികള്‍ എന്തെല്ലാം?വലിയ തോതിലുള്ള ഖരമാലിന്യം  ഉണ്ടാവുന്ന    കേന്ദ്രങ്ങളില്‍ ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ എത്രത്തോളം സാധിച്ചിട്ടുണ്ട്?എന്നിവാണ് ടേംസ് ഓഫ് റഫറന്‍സില്‍ വരുന്നത്.

ദുരന്തനിവാരണ നിയമത്തിന്റെ പ്രയോഗം

ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ തീ അണയ്ക്കുവാനും നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും ദുരന്ത നിവാരണ നിയമത്തിലെ 24  (ഇ) വകുപ്പ് പ്രകാരം എംപവേഡ്  കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. കുറ്റമറ്റ രീതിയിലുള്ള മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുന്നതിനും അതിനായി തയാറാക്കിയിട്ടുള്ള സമഗ്ര കര്‍മ്മ പരിപാടി സമയബന്ധിതമായി നടപ്പിലാക്കാനും തടസങ്ങള്‍ നീക്കം ചെയ്യാനും ദുരന്തനിവാരണ നിയമത്തിലെ 24 (എല്‍) വകുപ്പ് പ്രകാരം സര്‍ക്കാര്‍ എംപവേഡ്  കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നതാണ്. കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി തദ്ദേശ സ്വയംഭരണ വകുപ്പ്  അഡീഷണല്‍  ചീഫ് സെക്രട്ടറി ദൈനംദിനം വിലയിരുത്തും. ഇതിനു പുറമെ തദ്ദേശസ്വയംഭരണ, വ്യവസായ മന്ത്രിമാര്‍ എല്ലാ ആഴ്ചയിലും അവലോകനം നടത്തും.

ആരോഗ്യ പഠനം

തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് സമഗ്രമായ ആരോഗ്യ സര്‍വേ ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും നടത്തുന്നുണ്ട്. ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഘടകങ്ങള്‍ മണ്ണിലോ വെള്ളത്തിലോ മനുഷ്യ ശരീരത്തിലോ ഉണ്ടോ എന്നറിയാന്‍ ശാസ്ത്രീയമായ പഠനവും വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


 

Top