22-March-2023 -
By. news desk
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തിന്റെ പിന്നാലെ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം നടപ്പാക്കുന്നതോടൊപ്പം കൊച്ചി നഗരത്തിലെ മാലിന്യ ശേഖരണം വ്യവസ്ഥാപിതമാക്കുവാനുളള നടപടിയുമായി കൊച്ചി കോര്‍പ്പറേഷന്‍.നഗരത്തില്‍ ഹരിത കര്‍മ്മ സേനയ്ക്ക് രൂപം നല്‍കുന്നതിന്റെ ആദ്യപടിയായി കാലങ്ങളായി കൊച്ചിയില്‍ മാലിന്യ ശേഖരണം നടത്തി വരുന്ന ആയിരത്തിലധികം തൊഴിലാളികളുടെ യോഗം വിളിച്ചു ചേര്‍ത്തു. 2016ലെ സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ്് റൂള്‍ പ്രകാരം ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും, തരംതിരിച്ച അജൈവമാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുകയുമാണ് വേണ്ടതെന്ന് കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ പറഞ്ഞു.കൊച്ചിക്ക് പരിചിതമല്ലാത്ത ഈ പ്രക്രിയ നിലവിലെ മാലിന്യശേഖരണ തോഴിലാളികള്‍ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു യോഗത്തിന്റെ ഉദ്ദേശം.
നിലവില്‍ ഈ തൊഴിലാളികളാണ് നഗരത്തിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ചു വരുന്നത്. തീപ്പിടുത്തമുണ്ടാകുന്നത് വരെ ഇവര്‍ ശേഖരിക്കുന്ന മാലിന്യം നഗരസഭ വാഹനങ്ങളില്‍ ബ്രഹ്മപുരത്തേക്ക് എത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം പ്രാവര്‍ത്തികമാക്കുമ്പോള്‍ ഈ രീതിക്ക് മാറ്റം വരുത്തണ്ടതായി വരും. ഔദ്യേഗികമായി ഹരിത കര്‍മ്മസേന രൂപീകരിച്ചിട്ടില്ലാത്ത കൊച്ചി നഗരത്തില്‍ ഈ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി ഇവരെ കൂടി ഉള്‍ക്കൊണ്ട് വ്യവസ്ഥാപിതമായ രീതിയില്‍ ഹരിതകര്‍മ്മസേന രൂപീകരിച്ച് മാലിന്യ ശേഖരണ സംവിധാനം ശക്തിപ്പെടുത്തുവാനാണ് കുടുംബശ്രീ മിഷന്റെ സഹായത്തോടെ നഗരസഭ തയ്യാറെടുക്കുന്നതെന്ന് മേയര്‍ പറഞ്ഞു.ആദ്യ പടിയായി മാലിന്യം തരംതിരിക്കേണ്ട രീതികളെ കുറിച്ചും, ശേഖരിക്കാവുന്ന മാലിന്യങ്ങളെ സംബന്ധിച്ചും കീഴിയില്‍ നഗരസഭയുടെ 21 ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് കുടുംബശ്രീ മീഷന്‍ ഇവര്‍ക്ക് ട്രെയിനിംഗ് നല്‍കും.
അടുത്ത മാസത്തോടുകൂടി ഹരിത കര്‍മ്മ സേന നഗരത്തില്‍ രൂപീകരിക്കുവാനാണ് ലക്ഷ്യം വയ്ക്കുന്നത്. നിലവിലെ വരുമാനം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച തൊഴിലാളികളുടെ ആശങ്കകള്‍ കൂടി പരിഗണിച്ച് അവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി തീരുമാനമെടുക്കുവാനും യോഗം തീരുമാനിച്ചു. സ്വന്തം നിലയില്‍ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുന്നത് വരെ നഗരത്തിലെ വീടുകളില്‍ നിന്നുളള ജൈവമാലിന്യവും ഈ തൊഴിലാളികള്‍ ശേഖരിക്കും. ഫ്‌ളാറ്റുകള്‍, ഹോട്ടലുകള്‍, കല്ല്യാണ മണ്ഡപങ്ങള്‍ തുടങ്ങിയ വന്‍തോതിലുളള മാലിന്യ ഉത്പാദകര്‍ സോളിഡ് വേയ്സ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് 2016 പ്രകാരം സ്വന്തം നിലയ്ക്ക് മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുന്നത് വരെ ഈ സ്ഥാപനങ്ങളില്‍ നിന്നുളള ജൈവ മാലിന്യവും ഈ തൊഴിലാളികള്‍ തന്നെയാകും ശേഖരിക്കുക.അതോടൊപ്പം അജൈവമാലിന്യങ്ങള്‍ തരംതിരിച്ചും വൃത്തിയായും മാത്രം ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് നല്‍കുന്ന കാര്യം നഗരവാസികളും ഉറപ്പുവരുത്തണം.
കലണ്ടര്‍ തയ്യാറായി.
വീടുകളില്‍ നിന്നുളള അജൈവ മാലിന്യ ശേഖരണത്തിനുളള കലണ്ടര്‍ കൊച്ചി നഗരസഭ തയ്യാറാക്കി. കലണ്ടര്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുവാന്‍ അവസരമുണ്ട്. പൊതുജനാഭിപ്രായം കൂടി പരിഗണിച്ചാകും കലണ്ടര്‍ അന്തിമമാക്കുക. നിര്‍ദ്ദേശങ്ങള്‍ kmc.pms23@gmail.com എന്ന ഇമെയിലില്‍ ഐ.ഡി. യിലേക്കും നഗരസഭാ ഓഫീസില്‍ നേരിട്ടും സമര്‍പ്പിക്കാവുന്നതാണ്.
കൊച്ചി നഗരസഭയുടെ മാലിന്യ ശേഖരണ പ്രവര്‍ത്തനകലണ്ടര്‍
അജൈവമാലിന്യങ്ങള്‍
മാസം മാലിന്യത്തിന്റെ തരം
ജനുവരി, ജൂലൈ മാസങ്ങളില്‍ ഓരോ തവണ ഇ-മാലിന്യം (ആപല്‍ക്കരം അല്ലാത്തത്)
ഫെബ്രുവരി, സെപ്തംബര്‍ മാസങ്ങളില്‍ ഓരോ തവണ തുണി മാലിന്യം, മരുന്ന് സ്ട്രിപ്പുകള്‍
മാര്‍ച്ച്, ഒക്ടോബര്‍ മാസങ്ങളില്‍ ഓരോതവണ ആപല്‍ക്കരമായ ഇ-മാലിന്യം (പിക്ച്ചര്‍ ട്യൂബ്, ഇലക്ട്രിക് ബള്‍ബ്, ട്യൂബ്, കണ്ണാടി തുടങ്ങിയവ)
ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ ഓരോ തവണ ചെരുപ്പ്, ബാഗ്, തെര്‍മോക്കോള്‍, തുകല്‍, കാര്‍പെറ്റ്, അപ്‌ഹോള്‍സ്റ്ററി വേസ്റ്റ്, മെത്ത, തലയിണ, പ്ലാസ്റ്റിക് പായ തുടങ്ങിയവ)മേയ്, ഡിസംബര്‍ മാസങ്ങളില്‍ ഓരോ തവണ. കുപ്പി, ചില്ല്, മറ്റ് ഗ്ലാസ് നിര്‍മ്മിത മാലിന്യം, മരകഷ്ണം തുടങ്ങിവയ
ജൂണ്‍ മാസം ഒരുതവണ ഉപയോഗശൂന്യമായ വാഹന ടയര്‍, ട്യൂബ് തുടങ്ങിയവ
ആഗസ്റ്റ് മാസം ഒരു തവണ പോളിഎത്തിലീന്‍, പ്രിന്റിംഗ് ഷീറ്റ്, ലോഹം, മറ്റ് സ്‌ക്രാപ്പ് മുതലവായവ
പേപ്പര്‍ ആന്റ് പേപ്പര്‍ ഉല്‍പ്പന്നങ്ങള്‍, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ എല്ലാ മാസവും ആഴ്ചയില്‍ ഒരു തവണ വീതവും ചിരട്ട, തൊണ്ട് എന്നിവ മാസത്തില്‍ രണ്ട് തവണ വീതവും ശേഖരിക്കുന്നതാണ്.ഗാര്‍ഹിക ബയോ മെഡിക്കല്‍, സാനിറ്ററി മാലിന്യങ്ങള്‍ എല്ലാ ദിവസവും പ്രത്യേക സംവിധാനം വഴി ശേഖരിക്കും.ഓരോ മാസവും ലിസ്റ്റ് പ്രകാരം മാലിന്യം ശേഖരിക്കുന്ന തീയതി മുന്‍കൂട്ടി അറിയിക്കുന്നതാണ്.മാലിന്യശേഖരണത്തിന് കാലാകാലങ്ങളില്‍ നഗരസഭ നിശ്ചയിക്കുന്ന യൂസര്‍ഫീസ് ബാധകമായിരിക്കുന്നതാണ്.