വിശാഖപട്ടണം : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള 13-ാമത് വാർഷിക ഉഭയകക്ഷി നാവികാഭ്യാസമായ ‘സ്ലിനെക്സ്-26’ (SLINEX-26) സെപ്റ്റംബർ 17 മുതൽ 21 വരെ വിശാഖപട്ടണത്ത് വിജയകരമായി സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനും, നാവിക തന്ത്രങ്ങൾ പങ്കുവെക്കുന്നതിനും, സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംഘടിപ്പിച്ച അഭ്യാസപ്രകടനങ്ങൾ ഹാർബർ ഫേസ്, സീ ഫേസ് എന്നീ രണ്ട് ഘട്ടങ്ങളായാണ് നടത്തിയത്. ഭാരതീയ നാവികസേനയുടെ സ്വന്തം സാങ്കേതികവിദ്യയിൽ നിർമ്മിച്ച ആന്റി-സബ്മറൈൻ വാർഫെയർ കോർവെറ്റായ ഐ.എൻ.എസ് കാവരാത്തി, ഫ്ലീറ്റ് ടാങ്കറായ ഐ.എൻ.എസ് ജ്യോതി എന്നിവയും ശ്രീലങ്കൻ നാവികസേനയുടെ എസ്.എൽ.എൻ.എസ് സിന്ദുരാല എന്നീ യുദ്ധക്കപ്പലുകളുമാണ് പരിശീലനത്തിൽ പങ്കെടുത്തത്. ഈസ്റ്റേൺ നേവൽ കമാൻഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കിയ ഹാർബർ ഫേസിൽ ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ യോഗങ്ങൾ, അനുഭവങ്ങൾ പങ്കുവെക്കൽ, യോഗ, കായിക-സാംസ്കാരിക പരിപാടികൾ എന്നിവ ഐ.എൻ.എസ് കാവരാത്തിയിൽ വച്ച് നടന്നു. തുടർന്ന് ആഴക്കടലിൽ നടന്ന സീ ഫേസിൽ അത്യാധുനിക പ്രതിരോധ തന്ത്രങ്ങളും തത്സമയ നാവിക അഭ്യാസങ്ങളും ഇരു സേനകളും സംയുക്തമായി പൂർത്തിയാക്കി. ഭാരതത്തിന്റെ ‘മഹാസാഗർ’ (MAHASAGAR) ദർശനത്തിന് അനുസൃതമായി സംഘടിപ്പിച്ച സ്ലിനെക്സ്-26, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യ-ശ്രീലങ്ക നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നു.

