ഇന്ദിരാ ഗാന്ധി  സഹകരണ  ആശുപത്രിയുടെ ഗോള്‍ഡന്‍  ജൂബിലി ബ്ലോക്ക്  ഉദ്ഘാടനം  മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വ്വഹിക്കും

കൊച്ചി : സമൂഹത്തിലെ  എല്ലാ വിഭാഗം  ജനങ്ങള്‍ക്കും  കുറഞ്ഞ  ചെലവില്‍  മികച്ച  ആരോഗ്യ  സേവനങ്ങള്‍  ലഭ്യമാക്കുക  എന്ന  ലക്ഷ്യത്തോടെ 1971 സഹകരണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ  കീഴിലാണ് കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി  പ്രവര്‍ത്തിക്കുന്നത്.  ആതുര  ശുശ്രൂഷ  രംഗത്ത്  അഞ്ച്  പതിറ്റാണ്ടിന്റെ  പാരമ്പര്യമുളള  ആശുപത്രിയില്‍  കാര്‍ഡിയോളജി,  ഓങ്കോളജി, ഗ്യാസ്‌ട്രോ എന്ററോളജി, ജനറല്‍ മെഡിസിന്‍, ന്യൂറോളജി, യൂറോളജി, ഇ.എന്‍.ടി, ഓര്‍ത്തോപിഡിക്‌സ്, ഗൈനക്കോളജി, പീഡിയാട്രിക്‌സ്  തുടങ്ങി വിവിധ വിഭാഗങ്ങളില്‍  വിദഗ്ദ ഡോക്ടര്‍മാരുടെ  സേവനവും  അത്യാധുനിക  ചികിത്സാ സൗകര്യങ്ങളും  ലഭ്യമാണ്.  24  മണിക്കൂറും  പ്രവര്‍ത്തിക്കുന്ന   അത്യാഹിത  വിഭാഗം  ഫാര്‍മസി, ലബോറട്ടറി, എം.ആര്‍ഐ, സി.ടി സ്‌കാന്‍, അള്‍ട്രാസൗണ്ട്, എക്്‌സറേ  തുടങ്ങിയ  സൗകര്യങ്ങളും  ആശുപത്രിയില്‍  ഉണ്ട്.
ഹൃദയ ചികിത്സാ രംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുള്ള ഇവിടെ ഓപ്പണ്‍  ഹാര്‍ട്ട്  സര്‍ജറിക്ക്  പകരം കീഹോള്‍ സര്‍ജറിയും  ലോകത്തിലെ ഏറ്റവും ചെറിയ പേസ്‌മേക്കര്‍ ഘടിപ്പിച്ച ഖ്യാതിയും ഉണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ ക്യാന്‍സര്‍ ചികിത്സ, സര്‍ജറികള്‍, ഡയാലിസിസുകള്‍ എന്നിവയും  ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ പ്രത്യേകതകളാണ്.
സുവര്‍ണ്ണ ജൂബിലിയുടെ  ഭാഗമായി നിര്‍മ്മിച്ച  പുതിയ  ഗോള്‍ഡന്‍  ജൂബിലി  ബ്ലോക്കിന്റെ ഉദ്ഘാടനം ഈമാസം (ഒക്ടോബര്‍) 30 വെളളിയാഴ്ച ഉച്ചയ്ക്ക് 12ന്  മുഖ്യമന്ത്രി വി.ഡി സതീശന്‍  നിര്‍വ്വഹിക്കും.  ഇന്ദിരാഗാന്ധി ആശുപത്രി  അങ്കണത്തില്‍  നടക്കുന്ന ഉദ്ഘാടന  ചടങ്ങില്‍  കൊച്ചിന്‍ കോ-ഓപ്പറേറ്റീവ്  ഹോസ്പിറ്റല്‍സ്  സൊസൈറ്റി പ്രസിഡന്റ്  എം.ഒ. ജോണ്‍ അദ്ധ്യക്ഷത  വഹിക്കും, സൊസൈറ്റി സെക്രട്ടറി അജയ്  തറയില്‍, വൈസ് പ്രസിഡന്റ് അഡ്വ. ബി.എ. അബ്ദുല്‍  മുത്തലിബ്,  എം.പിമാരായ  ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍, ജെബി മേത്തര്‍ ഹിഷാം, കൊച്ചി കോര്‍പ്പറേഷന്‍  മേയര്‍ അഡ്വ. വി.കെ.മിനിമോള്‍, എം.എല്‍.എമാരായ  ടി.ജെ വിനോദ്, മുഹമ്മദ് ഷിയാസ്, ഉമ തോമസ് എന്നിവരും  സൊസൈറ്റി   ഡയറക്ടര്‍മാരായ  അഗസ്റ്റസ് സിറിള്‍, ടി.എച്ച്  റഷീദ്, ആലപ്പാട്ട്  മുരളീധരന്‍, ഡോ. ഹസീന  മുഹമ്മദ്, ഇക്ബാല്‍  വലിയ വീട്ടില്‍, ഇന്ദിരാ ഭായ്  പ്രസാദ്, എന്‍.എ.അബ്രഹാം, പി.ഡി. അശോകന്‍, കെ.പി. വിജയകുമാര്‍, മെഡിക്കല്‍  സൂപ്രണ്ട്   ഡോ. സച്ചിദാനന്ദ കമ്മത്ത് എന്നിവര്‍ ചടങ്ങില്‍  പങ്കെടുക്കുമെന്ന്  സെക്രട്ടറി  അജയ് തറയില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍  ആശുപത്രി സഹകരണ സംഘം പ്രസിഡന്റ് എം.ഒ. ജോണ്‍, സെക്രട്ടറി അജയ് തറയില്‍, വൈസ് പ്രസിഡന്റ്  അബ്ദുല്‍ മുത്തലിബ്  എന്നിവര്‍ പങ്കെടുത്തു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു